Home » നമ്മുടെ കോഴിക്കോട് » സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന് കോഴിക്കോട് പന്തുരുളും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റിന് കോഴിക്കോട് പന്തുരുളും

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കോഴിക്കോടേക്ക് മാറ്റി. തിരുവന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്തതിനാലാണ് ഇത്തവണ ടൂര്‍ണമെന്റ് കോഴിക്കോടേക്ക് മാറ്റുന്നത്.

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പരിശോധനയിലാണ് സ്റ്റേഡിയത്തിന്റെ പരിതാപാവസ്ഥ വെളിപ്പെട്ടത്. ദേശീയ ഗെയിംസിന് വേണ്ടി 55 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. കളിക്കാര്‍ക്ക് വസ്ത്രം മാറാന്‍ പോലും സ്റ്റേഡിയത്തില്‍ സ്ഥലമില്ലെന്നാണ് ഫെഡറേഷന്റെ കണ്ടെത്തല്‍. ഉള്ള സ്ഥലം കച്ചവടക്കാര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. സന്തോഷ് ട്രോഫി ദക്ഷിണമേഖലാ മത്സരങ്ങള്‍ തിരുവനന്തപുരത്ത് നടത്താനാണ് തീരുമാനിച്ചിരുന്നത്.

ദേശീയ ഗെയിംസിന്റെ ഭാഗമായി നവീകരിച്ച സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്കും മികച്ച നിലവാരത്തിലുള്ള പുല്ലും വച്ചിരുന്നു. ഇതോടെ ഗ്രൗണ്ടില്‍ നിന്നും സാധാരണക്കാരെ അകറ്റി. അംഗത്വം എടുക്കുന്നവര്‍ക്ക് മാത്രമേ നടത്തത്തിന് പോലും അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാല്‍ കെട്ടിടങ്ങള്‍ മുഴുവന്‍ വാടകയ്ക്ക് നല്‍കിയതാണ് പ്രശ്‌നമായത്. സന്തോഷ് ട്രോഫി കളിക്കാര്‍ക്ക് രണ്ടു ഡ്രെസ്സിംഗ് റൂമെങ്കിലും കണ്ടെത്താന്‍ ഫെഡറേഷന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെയാണ് ടൂര്‍ണമെന്റ് കോഴിക്കോട്ടേക്ക് മാറ്റുവാന്‍ തീരുമാനമെടുത്തത്.

Leave a Reply