Home » കളിക്കളം » സഞ്ജു ക്ഷമ ചോദിച്ചു;കെസിഎ കടുത്ത നടപടികള്‍ ഒഴിവാക്കി

സഞ്ജു ക്ഷമ ചോദിച്ചു;കെസിഎ കടുത്ത നടപടികള്‍ ഒഴിവാക്കി

സഞ്ജു വി സാംസണിനെതിരെ കടുത്ത അച്ചടക്കനടപടികള്‍ വേണ്ടെന്ന് വെച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍.അച്ചടക്ക സമിതിയ്ക്ക് മുമ്പാകെ സഞ്ജു നല്‍കിയ വിശദീകരണം കണക്കിലെടുത്താണ് യുവതാരത്തിനെതിരെയുള്ള നടപടികള്‍ അവസാനിപ്പിച്ചത്.സഞ്ജുവിന്റെ വിശദീകരണം ആത്മാര്‍ഥമാണെന്ന് കരുതുന്നതായും സംഭവം സഞ്ജുവിന്റെ കരിയറിനെ ദോഷകരമായി ബാധിക്കില്ലെന്നും പരാതി അന്വേഷിക്കുന്ന കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രത്യേക സമിതി വ്യക്തമാക്കി.

അതേസമയം മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് തന്നില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായതെന്ന് സഞ്ജു അന്വേഷണ സമിതിയ്ക്കു മുന്നില്‍ വിശദീകരണം നല്‍കി. ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നതായും സഞ്ജു അറിയിച്ചു ‘ഇന്ത്യ എ ടീമിനുവേണ്ടിയെല്ലാം നന്നായി കളിച്ച എനിക്ക് രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി നന്നായി കളിക്കാന്‍ കഴിഞ്ഞില്ല. അതിന്റെ നിരാശയും ദേഷ്യവും കൊണ്ടാണ് അങ്ങിനെ സംഭവിച്ചതെന്നും സഞ്ജു വ്യക്തമാക്കി.

ഗോവയ്‌ക്കെതിരെ മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു അച്ചടക്കരഹിതമായി പെരുമാറിയെന്നായിരുന്നു മലയാളി ക്രിക്കറ്റ് താരത്തിനെതിരെ പരാതി. ഗോവയ്‌ക്കെതിരെ രണ്ടാം ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ സഞ്ജു, ഡ്രസ്സിങ് റൂമിലെത്തി ബാറ്റ് തല്ലിപ്പൊട്ടിച്ചെന്നും ശേഷം ആരോടും പറയാതെ റൂം വിട്ടുപോയെന്നുമാണ് പ്രധാന ആരോപണം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ടിസി മാത്യുവിനെതിരെ സഞ്ജുവിന്റെ പിതാവ് ഫോണില്‍ മോശമായി സംസാരിച്ചുവെന്നും ആരോപണമുയര്‍ന്നിരുന്നു.

Leave a Reply