Home » ന്യൂസ് & വ്യൂസ് » നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കില്ല: നിര്‍മാതാക്കള്‍

നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കില്ല: നിര്‍മാതാക്കള്‍

നിലവില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ പിന്‍വലിക്കില്ലെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. അന്യഭാഷ സിനിമകളെ സഹായിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. തിങ്കളാഴ്ച്ച ഇക്കാര്യത്തിന് അന്തിമ തീരുമാനമുണ്ടാക്കും.

തീയറ്ററുകളില്‍ നിലവില്‍ പ്രദര്‍ശനം തുടരുന്ന പുലിമുരുകന്‍, കട്ടപ്പനയിലെ ഋതിക് റോഷന്‍, ഒരേ മുഖം, ആനന്ദം എന്നീ സിനിമകള്‍ പിന്‍വലിക്കാനായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ആലോചിച്ചത്. ഇത് പ്രായോഗികമല്ലെന്ന് മനസിലായതോടെ നീക്കത്തില്‍ നിന്ന് പിന്‍മാറി. പ്രതിസന്ധി പരിഹരിക്കാന്‍ ബുധനാഴ്ച നിര്‍മ്മാതാക്കളും വിതരണക്കാരും യോഗം ചേര്‍ന്നെങ്കിലും ഫലം കണ്ടില്ല. ക്രിസ്മസ് റിലീസുകള്‍ ഡിസംബറില്‍ റിലീസ് ചെയ്യാനായില്ലെങ്കില്‍ 30 കോടിയോളം രൂപയുടെ നഷ്ടമാണ് ചലച്ചിത്ര വ്യവസായത്തിന് ഉണ്ടാവുക.

ക്രിസ്മസ് റിലീസുകള്‍ തടസപ്പെടുത്താതെ പ്രശ്‌നപരിഹാരമെന്ന നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയനും സിനിമാ മന്ത്രി എകെ ബാലനും മുന്നോട്ട് വച്ചത്. ക്രിസ്മസ് റിലീസുകള്‍ നിലവിലുള്ള അതേ വിഹിതത്തില്‍ പ്രദര്‍ശിപ്പിക്കാനും തീയറ്റര്‍ മേഖലയിലുളളവരുടെയും നിര്‍മ്മാതാക്കളുടെയും ആവശ്യം പരിഹരിക്കാന്‍ ജുഡീഷ്യല്‍ സ്വഭാവമുള്ള സമിതിയെ നിയോഗിക്കാമെന്നുമാണ് പാലക്കാട് നടന്ന ചര്‍ച്ചയില്‍ മന്ത്രി അറിയിച്ചത്. ജുഡീഷ്യല്‍ സമിതിയെന്ന നിര്‍ദ്ദേശം നിര്‍മ്മാതാക്കള്‍ക്കും തീയറ്ററുടമകള്‍ക്കും സ്വീകാര്യമായില്ല.

മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ജോമോന്റെ സുവിശേഷങ്ങള്‍, പൃഥ്വിരാജ് ചിത്രം എസ്ര, ജയസൂര്യയുടെ ഫുക്രി എന്നിവയായിരുന്നു ക്രിസ്മസ് റിലീസുകള്‍. ദങ്കല്‍, കത്തിസണ്ടൈ എന്നീ അന്യഭാഷ ചിത്രങ്ങള്‍ തീയറ്ററിലെത്തും.

Leave a Reply