Home » ന്യൂസ് & വ്യൂസ് » ബന്ധു നിയമനം: ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഉള്‍പ്പെടെ 10 യുഡിഎഫ് നേതാക്കള്‍ക്കെതിരെ പ്രാഥമിക അന്വേഷണം

ബന്ധു നിയമനം: ഉമ്മന്‍ചാണ്ടി, ചെന്നിത്തല, ഉള്‍പ്പെടെ 10 യുഡിഎഫ് നേതാക്കള്‍ക്കെതിരെ പ്രാഥമിക അന്വേഷണം

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ബന്ധു നിയമനങ്ങളില്‍ പ്രാഥമിക അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള പത്ത് യുഡിഎഫ് നേതാക്കള്‍ക്കെതിരെയാണ് അന്വേഷണം. ഫെബ്രുവരി ആറിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ്, മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വിഎം ശിവകുമാര്‍, പികെ ജയലക്ഷ്മി, മുന്‍ ധനമന്ത്രി കെഎം മാണി, കെസി ജോസഫ് എന്നിവര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ അധികാരത്തിലിരിക്കെ ബന്ധുക്കളെ പല സ്ഥലങ്ങളിലും നിയമിച്ചു എന്ന് ഹര്‍ജിയിലാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ചില രേഖകളും പരാതിക്കാരന്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

മുന്‍ മന്ത്രി അനൂപ് ജേക്കബിന്റെ ഭാര്യയുടേയും, സഹോദരിയുടേയും നിയമനങ്ങളെ പറ്റി വിവരങ്ങളുണ്ട്. കൂടാതെ ഉമ്മന്‍ ചാണ്ടിയുടെ അമ്മായിയുടെ മകന്‍ കുഞ്ഞ് ഇല്ലംപള്ളിയെ കോ ഓപ്പറേറ്റിവ് സര്‍വീസ് എക്‌സമിനെഷന്‍ ബോര്‍ഡ് ചെയര്‍മാനാക്കാന്‍ അന്നുണ്ടായിരുന്ന ഉത്തരവ് റദ്ദാക്കിയതടക്കമുള്ള വിവരങ്ങള്‍ ഹര്‍ജിയില്‍ ഉന്നയിക്കുന്നു.

ഈ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണോ എന്ന കാര്യം തീരുമാനിക്കുക. ആരൊക്കെയാണ് അനധികൃതമായി ബന്ധുക്കളെ നിയമിച്ചത്, ഇക്കാര്യത്തിൽ ഏതൊക്കെ മാനദണ്ഡങ്ങളാണ് ലംഘിക്കപ്പെട്ടത് തുടങ്ങിയ വിഷയങ്ങളാകും വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിന്റെ പരിധിയിൽ വരുക.

നേരത്തെ, ബന്ധുനിയമന വിവാദത്തിൽപ്പെട്ട് പിണറായി സർക്കാരിലെ രണ്ടാമനായിരുന്ന ഇ.പി. ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായിരുന്നു. ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുമുണ്ട്. ഇതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ കാലത്തും ബന്ധുനിയമനങ്ങൾ നടന്നിട്ടുണ്ടെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി ലഭിച്ചത്.

Leave a Reply