Home » ന്യൂസ് & വ്യൂസ് » കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഐഎം തന്നെ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും സിപിഐഎം തന്നെ; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍

കോണ്‍ഗ്രസിനെതിരെയും യുഡിഎഫിനെതിരെയും രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന്‍ എംഎല്‍എ. കോഴിക്കോട് ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴും പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴുമാണ് മുരളി നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ചത്.സര്‍ക്കാരിന്റെ വീഴ്ച തുറന്നുകാട്ടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടു. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം സിപിഐഎം എന്ന അവസ്ഥ മാത്രമായി ചുരുങ്ങി. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന അവസ്ഥയാണുളളതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സമരം പോലും നടത്താന്‍ പ്രതിപക്ഷത്തിന് കഴിയുന്നില്ല. ഒറ്റക്കെട്ടെന്ന് പറഞ്ഞ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നവര്‍ കോണ്‍ഗ്രസിനുള്ളിലുണ്ട്.

ചാനലുകളില്‍ മുഖം കാണിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തല്ലുകൂടുകയാണ്. സുപ്രധാന വിഷയങ്ങളില്‍ ഉചിതമായി പാര്‍ട്ടി പ്രതികരിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജോലി കൂടി അവര്‍ ഏറ്റെടുക്കുന്നു. ഏറ്റവും അവസാനം മന്ത്രി മണിയുടെ വിഷയവുമായി ബന്ധപ്പെട്ട് പത്രങ്ങള്‍ കാണിച്ച ഉത്സാഹംപോലും കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ കാണിക്കുന്നില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. യുഡിഎഫ് മന്ത്രിമാരെ ചെയ്യാത്ത കുറ്റത്തിന് വരെ വിമര്‍ശിച്ചിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് മന്ത്രിമാര്‍ ചെയ്ത കുറ്റത്തിനെതിരെ സമരം ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച കാര്യം പോലും പലരും അറിഞ്ഞിട്ടില്ല. യുഎപിഎക്കെതിരെ സമരം നടത്താന്‍ പോലും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതേസമയം തല്ലിക്കൂട്ടി പ്രതിഷേധം സംഘടിപ്പിക്കേണ്ട ആവശ്യം ഇല്ലെന്നാണ് മുരളീധരന്റെ പ്രതികരണത്തിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ മറുപടി. പ്രതിഷേധം ജനങ്ങളില്‍ നിന്നും സ്വാഭാവികമായി ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply