ടീം ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി മുതിര്‍ന്ന ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്റ. പരിക്കേറ്റ ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമ്മി ഇംഗ്ലണ്ടിനെതിരെ ഏകദിന-ടി20 മത്സരങ്ങളില്‍ കളിക്കില്ലെന്ന് ഉറപ്പായതോടെയാണ് നെഹ്റയ്ക്ക് ടീം ഇന്ത്യയിലേക്ക് മടങ്ങിവരാന്‍ സാധ്യത തെളിയുന്നത്.
ഇന്ത്യക്കായി ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന ഏഷ്യ കപ്പിലും ലോകകപ്പ് ടി20യിലുമാണ് 37കാരനായ നെഹ്റ അവസാനമായി ടീം ഇന്ത്യയുടെ ജഴ്സി അണിഞ്ഞത്. ഏറെ കാലത്തെ തിരിച്ചുവരവിന് ശേഷവും ഇന്ത്യന്‍ ടീമിലെത്തിയ നെഹ്റ അന്നും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച്ചവെച്ചത്.എന്നാല്‍ തുടര്‍ന്ന നടന്ന ഐപിഎല്ലില്‍ കാല്‍മുട്ടിന് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലായിരുന്നു നെഹ്റ.
കാല്മുട്ടിനുള്ളിലെ മാംസപേശിയെ അസ്ഥിയോട് ബന്ധിപ്പിക്കുന്ന ചലനഞരമ്പിനാണ് നെഹ്റക്ക് പരിക്കേറ്റത്. ബി.സി.സി.ഐയുടെ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയിലാണ് പരിക്കിന്റെ ഗുരുതരാവസ്ഥയറിഞ്ഞത്. ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സിന്റെ കുന്തമുനയായ നെഹ്റക്ക് മേയ് 15ന് കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തിലാണ് പരിക്കേറ്റത്. പിന്നീട് നെഹ്റ കളത്തിലിറങ്ങിയിട്ടില്ല.
ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പരയില്‍ നെഹ്റ ടീമിലെത്തുകയാണെങ്കില്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഏകദിനം കളിക്കാനുളള അവസരമാണ് നെഹ്റയ്ക്ക് ഒരുങ്ങുന്നത്. 2011 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താനെതിരെയായിരുന്നു നെഹ്റ അവസാനമായി ഏകദിനം കളിച്ചത്. മത്സരത്തിനിടെ പരിക്ക് വേട്ടയാടിതിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരായ ഫൈനല്‍ നെഹ്റയ്ക്ക് കളിക്കാനായില്ല.
കരിയറില്‍ നിരവധി പരിക്കുകളും ശസ്ത്രക്രിയകളും നേരിട്ട താരമാണ് നെഹ്റ. പരിക്കിനെ അതിജീവിച്ച് നെഹ്റ ഇനിയും ടീമിന്ത്യയില്‍ തിരിച്ചെത്തുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.
