Home » ന്യൂസ് & വ്യൂസ് » ശശികല എഐഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറി

ശശികല എഐഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറി

എ.ഐ.എ.ഡി.എം.കെ.യുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികലയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.പാര്‍ട്ടി ഭരണഘടനാ പ്രകാരം പുതിയ ജനറല്‍ സെക്രട്ടിയെ തിരഞ്ഞെടുക്കും വരെയാണ് ഇത്. പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിക്കണമെന്ന പ്രമേയം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പാസാക്കി. ഇതടക്കം 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ പാസാക്കിയത്.

ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രമേയം പറയുന്നു. ജയലളിതയ്ക്ക് മാഗ്‌സസെ, നോബല്‍ സമ്മാനങ്ങള്‍ നല്‍കണമെന്നും ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമാക്കണമെന്നുമുള്ള പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി. അടുത്ത ജനറല്‍സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി ശശികലയെ നിയമിക്കണമെന്ന പ്രമേയം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പാസാക്കി.

പാര്‍ട്ടിയുടെ എല്ലാ മുതിര്‍ന്നനേതാക്കളും അവരെ പിന്തുണയ്ക്കുന്നുണ്ട്. ശശികലതന്നെയാണ് പാര്‍ട്ടിയുടെ അന്തിമവാക്ക് എന്നു തെളിയിക്കുന്നരീതിയിലാണ് കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുന്ന സംഭവവികാസങ്ങള്‍. മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വമടക്കമുള്ള മന്ത്രിസഭാംഗങ്ങളും ശശികലയുമായി ആലോചിച്ചാണ് തീരുമാനങ്ങളെടുക്കുന്നത്. കൂടിക്കാഴ്ചക്കായി മുഖ്യമന്ത്രി ദിവസേനയെന്നോണം പോയസ് ഗാര്‍ഡനില്‍ എത്തുന്നുണ്ട്. പ്രതിപക്ഷപാര്‍ട്ടികളില്‍നിന്നുള്ള വിമര്‍ശം ഒഴിവാക്കാന്‍ പോയസ് ഗാര്‍ഡന് ജയലളിതയുടെ കാലത്ത് ഏര്‍പ്പെടുത്തിയിരുന്ന പോലീസ് സുരക്ഷ ഒഴിവാക്കാനും ശശികല തീരുമാനിച്ചിരുന്നു. ശശികലയുടെ സുരക്ഷാച്ചുമതല ഇപ്പോള്‍ സ്വകാര്യ ഏജന്‍സിക്കാണ്.

പാര്‍ട്ടിയെ നിലവില്‍ ഒന്നിച്ചുനിര്‍ത്താന്‍ ശശികലയ്ക്ക് മാത്രമേ കഴിയൂ എന്നാണ് വിലയിരുത്തപ്പെടുന്നത്. പാര്‍ട്ടിയിലെ പ്രധാനനേതാക്കളെല്ലാംതന്നെ ശശികലയുടെ നേതൃത്വം അംഗീകരിക്കുന്നവരാണ്. ‘മണ്ണാര്‍കുടി കുടുംബം’ എന്നു വിളിക്കപ്പെടുന്ന ശശികലയുടെ ബന്ധുക്കളുടെ ശൃംഖലയ്ക്ക് പാര്‍ട്ടിയിലും ഭരണത്തിലുമുള്ള പിടി അതിശക്തമാണ്. ജയലളിത അമരത്തുണ്ടായിരുന്നപ്പോഴും പാര്‍ട്ടിയിലും ഭരണത്തിലും ശശികലയ്ക്കുകൂടി താത്പര്യമുള്ളവരെ മാത്രമാണ് സുപ്രധാന പദവികളിലേക്ക് കൊണ്ടുവന്നിരുന്നത്. അതുകൊണ്ടുതന്നെ ജനറല്‍സെക്രട്ടറി സ്ഥാനത്തേക്കുള്ള ശശികലയുടെ വരവിനെതിരെ പാര്‍ട്ടിയില്‍ കലാപമുണ്ടാവാനുള്ള സാധ്യത കുറവാണ്.

തഞ്ചാവൂരിനടുത്തുള്ള മണ്ണാര്‍ഗുഡിയില്‍നിന്നും 28 കിലോമീറ്ററോളം അകലെയുള്ള തിരുത്തുറൈപൂണ്ടിയിലാണ് ശശികല ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതുമൊക്കെ മണ്ണാര്‍ഗുഡിയിലായിരുന്നു. തേവര്‍ സമുദായാംഗമായ ശശികലയുടെ ബന്ധുക്കളുടെ വീടുകളും മണ്ണാര്‍ഗുഡിയിലാണ്. ഡി. എം. കെ. അനുഭാവിയിയും തമിഴ്‌നാട് സര്‍ക്കാര്‍ സര്‍വീസില്‍ പബ്‌ളിക് റിലേഷന്‍സ് ഓഫീസറുമായിരുന്ന നടരാജനെ കല്ല്യാണം കഴിച്ചതോടെയാണ് ശശികല ചെന്നൈയിലേക്ക് വന്നത്. എം. ജി. ആറിനു കീഴില്‍ എ. ഐ. എ. ഡി. എം. കെ. പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കെയാണ് ജയലളിതയെ ശശികല ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായി ശശികല വളരുന്നതാണ് തമിഴകം കണ്ടത്.

Leave a Reply