Home » നമ്മുടെ കോഴിക്കോട് » പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ പോലീസ്; വാഹനപരിശോധന കര്‍ശനമാക്കും

പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ പോലീസ്; വാഹനപരിശോധന കര്‍ശനമാക്കും

പുതുവത്സരാഘോഷം സുരക്ഷിതമാക്കാന്‍ നടപടികളുമായി പോലീസ്. ആഘോഷവുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങള്‍ തടയാന്‍ കര്‍ശന നടപടികളാണ് പോലീസ് സ്വീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചേര്‍ന്നു. എആര്‍ കാമ്പിലേതുള്‍പ്പെടെ സിറ്റിയിലെ മൊത്തം പോലീസ് ഉദ്യോഗസ്ഥരുടെയും സേവനം ഇതിനായി വിനിയോഗിക്കാനാണ് തീരുമാനം.

പുതുവത്സരം ആഘോഷിക്കുന്ന ബീച്ച്, ബാര്‍ ഹോട്ടലുകള്‍, ബിയര്‍ പാര്‍ലറുകള്‍, റിസോര്‍ട്ടുകള്‍, മറ്റു ഹോട്ടലുകള്‍, ഹോസ്റ്റലുകള്‍, ഫ്‌ളാറ്റ് അപ്പാര്‍ട്ട്‌മെന്‍റുകള്‍ എന്നിവിടങ്ങളില്‍ പോലീസ് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. വാഹനാപകടങ്ങള്‍ ഒഴിവാക്കാന്‍ സിറ്റി അതിര്‍ത്തികളിലും പ്രധാന ജംഗ്ഷനുകളിലും കര്‍ശനമായ വാഹനപരിശോധന നടത്തി മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും തീരുമാനിച്ചു.

31 ന് വൈകുന്നേരം മുതല്‍ ബീച്ച് റോഡിലെ തിരക്കും ബൈക്കുകള്‍ അപകടകരമായി ഓടിക്കുന്നതും ഒഴിവാക്കാന്‍ ബീച്ചിലേക്ക് വാഹനങ്ങള്‍ പ്രവേശിപ്പിക്കില്ല. രാത്രി കാലങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി സിറ്റിയില്‍ മുഴുവന്‍ മഫ്ടിയില്‍ പോലീസിനെ വിന്യസിക്കും. സിറ്റിയിലെ മൊത്തം സിസി ക്യാമറകളും പുതുവത്സരാഘോഷത്തിന് മുന്നോടിയായി പ്രവര്‍ത്തന സജ്ജമാക്കി സിറ്റി മുഴുവന്‍ പോലീസ് നിരീക്ഷണത്തില്‍ കൊണ്ടുവരുന്നതാണ്.
ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടുന്ന പൊതുജനങ്ങള്‍ എത്രയും പെട്ടെന്ന് സിറ്റി പോലീസ് കണ്‍ട്രോള്‍ റൂമില്‍ ഫോണ്‍ നമ്പര്‍ 100 ല്‍ അറിയിച്ചാല്‍ സത്വര നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു

Leave a Reply