Home » കലാസാഹിതി » എഴുത്തുമേശ » നായകത്വ പ്രത്യയശാസ്ത്രവും ബുദ്ധിജീവികളും

നായകത്വ പ്രത്യയശാസ്ത്രവും ബുദ്ധിജീവികളും

പി കെ പോക്കര്‍

പ്രോഗ്രസ്സ് ബുക്ക്സ് കോഴിക്കോട് പ്രസിദ്ധീകരിക്കുന്ന അന്റോണിയോ ഗ്രാംഷി ജയിൽ കുറിപ്പുകളും രാഷ്ട്രീയ ലേഖനങ്ങളും എന്ന പുസ്തകത്തിൽ നിന്ന്

തത്വചിന്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബുദ്ധിജീവികളെ സംബന്ധിക്കുന്ന പരികല്പന ഗ്രാംഷി വികസിപ്പിച്ചത്. സമൂഹത്തില്‍ എക്കാലത്തും ധൈഷണികമായ തൊഴിലും(intellectual work)കായികമായ തൊഴിലും(manual work) നിലനിന്നിട്ടുണ്ട്. ധൈഷിണിക/കായിക തൊഴില്‍ എന്ന വിഭജനം പൂര്‍ണമായ അര്‍ത്ഥത്തില്‍ ഗ്രാംഷി സ്വീകരിക്കുന്നില്ല. കാരണം എല്ലാ തൊഴിലിലും ചെറിയൊരളവിലെങ്കിലും ബുദ്ധിശക്തിയുടെയും സങ്കേതത്തിന്‍റെയും സാന്നിധ്യമുണ്ടെന്നാണ് ഗ്രാംഷി കരുതിയത്. എല്ലാ മനുഷ്യരും ബുദ്ധികൊണ്ട് ചിന്തിച്ച് അവരുടേതായ ഒരു ലോകവീക്ഷണം-അത് സാമാന്യബോധത്തിന്‍റെ തലത്തിലായാലും-സൂക്ഷിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഓരോ സമൂഹത്തിലും അതിന്‍റെ വളര്‍ച്ചയോടൊപ്പം ആ സമൂഹത്തിന്‍റെ ഉല്പാദന-വിതരണക്രമവുമായി പൊരുത്തപ്പെടുന്ന ബുദ്ധിജീവിവിഭാഗവുമുണ്ടായിത്തീരുന്നു. ഗ്രാംഷി പറയുന്നതുപോലെ പുതിയ വര്‍ഗങ്ങളുടെ ഉദയം പുതിയ ബുദ്ധിജീവികളുടെ രംഗപ്രവേശവും അനിവാര്യമാക്കുന്നു. പുതിയ വ്യവസ്ഥയ്ക്കു വേണ്ടി വാദിക്കുന്ന ജാതി-നവോത്ഥാന നായകര്‍ മുതല്‍ സാഹിത്യരചയിതാക്കള്‍ വരെ ‘ജൈവബുദ്ധിജീവികളാണ്’

സാമ്പത്തികമായ മാറ്റം കൊണ്ട് മാത്രം സമൂഹത്തില്‍ “രാഷ്ട്രീയമാറ്റം” ഉണ്ടാവുകയില്ലെന്നും സാമ്പത്തികമാറ്റം രാഷ്ട്രീയമാറ്റത്തിന് സഹായകരമായ അന്തരീക്ഷം സജ്ജമാക്കുക മാത്രമാണ് ചെയ്യുകയെന്നും ഗ്രാംഷി നിരീക്ഷിച്ചു. അതുകൊണ്ട് രാഷ്ട്രീയമായ ബോധത്തിന്‍റെ മണ്ഡലത്തില്‍ അഥവാ പ്രത്യയശാസ്ത്രത്തിനകത്ത് നടക്കേണ്ട സമരമാണ് സമൂഹത്തിന്‍റെ വിമോചനത്തിന്‍റെ അനിവാര്യമാര്‍ഗമെന്ന് ഗ്രാംഷി കണ്ടെത്തി. പ്രത്യയശാസ്ത്രത്തിന്‍റെ മണ്ഡലത്തില്‍ നടക്കേണ്ട സമരത്തിന്‍റെ ഭാഗമായാണ് “പ്രത്യയശാസ്ത്ര നായകത്വം” (Hegemony) “ചരിത്രപരമായ ബ്ലോക്ക് (Historical block) എന്നീ സുപ്രധാന പരികല്പനകള്‍ ഗ്രാംഷി മുന്നോട്ടു വെച്ചത്. തൊഴിലാളിവര്‍ഗരാഷ്ട്രീയ പാര്‍ടിയുടെ ആശയപരമായ നേതൃത്വം അഥവാ നായകത്വം എന്ന നിലയില്‍ ലെനിന്‍ ‘ഹെജിമണി’ എന്ന സങ്കല്പം ഉപയോഗിച്ചിരുന്നു. ഭരണകൂടത്തിന്‍റെ ജനങ്ങള്‍ക്കുമേലുള്ള അധികാരത്തേക്കാള്‍ തൊഴിലാളിപ്രസ്ഥാനത്തിന്‍റെ സാംസ്കാരികമായ മേല്‍ക്കോയ്മയാണ് രൂപപ്പെടേണ്ടതെന്ന വ്യക്തമായ അഭിപ്രായം ലെനിനുണ്ടായിരുന്നു. അന്‍റോണിയോ ഗ്രാംഷി ഭിന്ന സമൂഹങ്ങളിലെ വിശ്വാസങ്ങളും, അഭിപ്രായങ്ങളും, സമൂഹത്തിന്‍റെ പൊതുബോധത്തില്‍ എങ്ങിനെയാണ് വേരുറച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നതെന്ന അന്വേഷണത്തിന്‍റെ ഭാഗമായാണ് പ്രത്യയശാസ്ത്രനായകത്വം(Hegemony)എന്ന പരികല്പന മുന്നോട്ടു വെക്കുന്നത്.
ആധുനികമുതലാളിത്തം മാര്‍ക്സ് കരുതിയതുപോലെ ഉറച്ച് കട്ടപിടിച്ചതിനെയെല്ലാം ഉരുക്കിക്കളയാന്‍ ശ്രമിക്കുമെങ്കിലും ഗ്രാംഷി നിരീക്ഷിക്കുന്നതുപോലെ “ഒരു തരത്തിലുള്ള തുന്നിച്ചേര്‍ക്കലിലൂടെ” പഴയ മേധാവിവര്‍ഗം പുതിയ അവസ്ഥയെയും നിര്‍ണയിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ ആധുനികതൊഴിലാളിവര്‍ഗത്തിന്‍റെ വളര്‍ച്ചയ്ക്കുപോലും പ്രത്യയശാസ്ത്രനായകത്വം തടസ്സമായി മാറുന്നു. അതുകൊണ്ടു തന്നെ ദേശീയതയുടെയും മുഖ്യധാരയുടെയും പദവി ഉപയോഗിച്ച് സമൂഹത്തില്‍ മാന്യസ്ഥാനം അലങ്കരിക്കുന്ന പ്രബലവിഭാഗങ്ങളുടെ പ്രത്യയശാസ്ത്രനായകത്വം ചോദ്യം ചെയ്തുകൊണ്ടു മാത്രമേ സമൂഹത്തിന്‍റെ പൊതുബോധത്തില്‍ ഇടപെടാന്‍ പുരോഗമനവിമോചനപ്രസ്ഥാനങ്ങള്‍ക്ക് കഴിയുകയുള്ളൂ. മൂര്‍ത്തമായ ഈ രാഷ്ട്രീയസാഹചര്യത്തിനകത്ത് ഏറ്റെടുക്കേണ്ട രാഷ്ട്രീയദൗത്യത്തെ ആശ്രയിച്ചാണ് പ്രയോഗത്തിന്‍റെ തത്വചിന്ത വികസിപ്പിക്കേണ്ടത്. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ സംഘപരിവാര്‍ ഫാസിസത്തെ വിശകലനം ചെയ്യാന്‍ കൃത്യമായ ഒരു പ്രത്യയശാസ്ത്ര ഉല്‍ക്കരുത്ത് ഗ്രാംഷിയുടെ ചിന്ത പ്രധാനം ചെയ്യും.

പുസ്തകം പ്രീ പബ്ലിക്കേഷൻ ആയി ബുക്ക് ചെയ്യാവുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 9567978869

Leave a Reply