ജനുവരിയിലും കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്. പണം തിരിച്ചടക്കുമെന്ന് കടം തന്ന ബാങ്കുകളെ വിശ്വസിപ്പിക്കേണ്ടതുണ്ട്. അതിന് സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ തകര്‍ത്തത് കഴിഞ്ഞ സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളാണ്.
മിനിമം ചാര്‍ജ് കുറച്ചതും വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കിയതും ഹിമാലയന്‍ അബദ്ധങ്ങളാണ്. വിദ്യാര്‍ഥികള്‍ ആവശ്യപ്പെടാതെയാണ് ഈ സൗജന്യം നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ ഇത്തരം തെറ്റായ നയങ്ങള്‍ മൂലം പ്രതിമാസം 26 കോടി രൂപയാണ് നഷ്ടമുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയെ തകര്‍ത്തത് ഇടതുസര്‍ക്കാരാണെന്ന് മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാവിലെ കുറ്റപ്പെടുത്തിയിരുന്നു. സെസ് നിര്‍ത്തലാക്കിയത് ഇടത് സര്‍ക്കാര്‍ കാണിച്ച വലിയ തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. തുടര്‍ന്നാണ് മന്ത്രിയുടെ മറുപടിയും.
