Home » നമ്മുടെ കോഴിക്കോട് » പുതു വർഷത്തിൽ നഗരത്തിൽ 32 ബസ് ബേകൾ

പുതു വർഷത്തിൽ നഗരത്തിൽ 32 ബസ് ബേകൾ

അടുത്ത വര്‍ഷം കോഴിക്കോട് നഗരം ബസ് ബേ കളാല്‍ മനോഹരമാക്കാമെന്ന പ്രതീക്ഷയിലാണ് കോര്‍പ്പറേഷന്‍ നഗരാസൂത്രണ സമിതി. കോര്‍പ്പറേഷന്‍ പരിധിയിലെ പ്രധാന റോഡുകളെ ഉള്‍പ്പെടുത്തി സുഗമമായ ബസ് യാത്രയ്ക്കായി നഗരത്തില്‍ 32 ബസ് ബേകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ആധുനിക കാത്തിരിപ്പു കേന്ദ്രങ്ങളും മഴയും വെയിലും കൊള്ളാതെ സുഖപ്രദമായി ഇരിക്കാനുള്ള സൗകര്യങ്ങളോടു കൂടിയതാവും ഈ ഷെല്‍ട്ടറുകള്‍.

കോര്‍പ്പറേഷന്‍ റോഡുകള്‍ക്ക് പുറമെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള പ്രത്യേക അനുമതിയും ബസ് ബേകള്‍ ഒരുക്കുന്നതിന് സ്വകാര്യ ഏജന്‍സികളെ ചുമതലപ്പെടുത്തുന്നതിനുള്ള അനുമതിയും കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാറില്‍ നിന്നും കോര്‍പ്പറേഷനു ലഭിച്ചത്.
ഇതു പ്രകാരം ബസ് ബേ ഉള്‍പ്പെടെയുള്ള സൗകര്യം ഒരുക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ള 13 സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി കോര്‍പ്പറേഷന്‍ ഭരണാധികാരികള്‍ ചര്‍ച്ച നടത്തും. ബസ് ബേകള്‍ ഒരുക്കുന്ന ഏജന്‍സികള്‍ക്ക് അവിടെ അഞ്ച് വര്‍ഷത്തേക്ക് പരസ്യം സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള അവകാശം നല്‍കും. ബസ് ബേകളുടേയും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളുടേയും അറ്റകുറ്റപ്പണികളുടേയും ചുമതല ഈ കമ്പനികള്‍ക്കായിരിക്കും.

കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നവരുമായിട്ടായിക്കും ടെന്‍ഡര്‍ ഉറപ്പിക്കുകയെന്ന് കോര്‍പ്പറേഷന്‍ നഗരാസൂത്രണ സ്ഥിരം സമിതി ചെയര്‍മാന്‍ എം. സി. അനില്‍കുമാര്‍ പറഞ്ഞു.

കുടിവെള്ളം, വൈഫൈ സംവിധാനം, സംഗീതം, കോഴിക്കോടിന്റെ സംസ്‌ക്കാരത്തിലൂന്നിയ രൂപഘടന എന്നിവയാല്‍ മനോഹരങ്ങളായ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാവും ഇത്. പുതിയ ബസ് ബേകള്‍ സ്ഥാപിക്കുന്നതിനായി കോര്‍പ്പറേഷന്‍ പരിധിയില്‍ 262 സ്ഥലങ്ങളാണ് റീജ്യണല്‍ ടൗണ്‍പ്ലാനിങ് വിഭാഗം നിര്‍ദ്ധേശിച്ചിരുന്നത്. ഇവയിലുള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട 32 സ്ഥലങ്ങളിലാണ് ഇപ്പോള്‍ ബസ് ബേകള്‍ നിര്‍മ്മിക്കാന്‍ കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. പ്രധാന കേന്ദ്രങ്ങളില്‍ ബസ് ബേകള്‍ വരുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Leave a Reply