മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്റ്റലുകളിലാണ് മൊബൈല്‍ ജാമര്‍ വയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഡിസംബര്‍ 28ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം രാത്രി 10 മുതല്‍ രാവിലെ 5 വരെയാണ് നിയന്ത്രണമുണ്ടാകുക.
ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍
രാത്രിയില്‍ മൊബൈലില്‍ ഉയര്‍ന്ന ശബ്ദത്തില്‍ പാട്ടുവെച്ചും മറ്റും ചില വിദ്യാര്‍ഥികള്‍ പഠനത്തില്‍ മുഴുകിയിരിക്കുന്ന സഹപാഠികളെ ശല്യപ്പെടുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടു. ആയതിനാല്‍ ഹോസ്റ്റലുകളില്‍ താഴെപ്പറയുന്ന നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പില്‍ വരുത്താന്‍ തീരുമാനിച്ചു.
1) ആഴ്ചയിലെ ഏഴ് ദിവസവും രാത്രി 10 മുതല്‍ രാവിലെ 5 വരെ മൊബൈല്‍ ജാമര്‍ പ്രവര്‍ത്തിപ്പിക്കും.
2) രാത്രി 11നും രാവിലെ 5നുമിടയ്ക്ക് ഹോസ്റ്റലുകളിലെ എല്ലാ മുറികളിലേയും ലൈറ്റുകള്‍ ഓഫാണെന്ന് വാര്ഡന്മാര്/കെയര്‍ടേക്കര്‍മാര്‍ എന്നിവര്‍ ഉറപ്പാക്കേണ്ടതാണ്.
3) രാത്രി 11ന് ശേഷവും പഠനം നടത്തേണ്ട വിദ്യാര്‍ഥിക്കള്‍ക്ക് പൊതുവായുള്ള പഠന സ്ഥലം ഉപയോഗിക്കാവുന്നതാണ്.
പ്രിന്‍സിപ്പല്‍ ഡോ നാരായണന് പി.വിയുടെ പേരിലിറങ്ങിയ ഉത്തരവിന്റെ പകര്‍പ്പുകള്‍ ചെയര്മാന്, ഡീന്‍, വൈസ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ക്കും വെച്ചിട്ടുണ്ട്. സംഭവത്തിനെതിരെ ട്രോള്‍ ചെയ്തുള്ള പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍ രംഗത്തുണ്ട്. മാനേജ്മെന്റ് കോളേജ് ആയതിനാല്‍ തങ്ങളുടെ പ്രതിഷേധത്തിന് പരിമിതിയുണ്ടെന്നും ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ സഹായം വേണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.