ജില്ലാ സ്കൂള്‍ കലോത്സവത്തിന് നാളെ തിരിതെളിയും. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടു വരെയാണ് കലോത്സവം നടക്കുന്നത്. അഞ്ചിനു വൈകിട്ടു നാലിനു ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് കലോത്സവം ഉദ്ഘാടനം ചെയ്യും.നാളെ ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ റജിസ്ട്രേഷന്. വേദിയിതര മല്‍സരങ്ങള്‍ എന്‍ജിഒ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിവിധ മുറികളില്‍ നാളെ നടക്കും.
ഉദ്ഘാടനത്തിനു മുന്നോടിയായുള്ള സാംസ്കാരിക ഘോഷയാത്ര സില്‍വര്‍ ഹില്‍സ് സ്കൂളില്‍ നിന്ന് ആരംഭിച്ചു ജെഡിടിയില്‍ സമാപിക്കും. കലോത്സവത്തിന്റെ ഓര്‍മയ്ക്കായി ഫലവൃക്ഷം ജെഡിടിയില്‍ നട്ടുവളര്‍ത്തും. ജെഡിടിക്കു പുറമെ എന്‍ജിഒ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൂറ്റഞ്ചേരി ശിവക്ഷേത്രം, സില്‍വര്‍ ഹില്‍സ് സ്കൂള്‍, സെന്റ് ഫിലോമിന സ്കൂള്‍, സെന്റ് ജോസഫ് ജൂനിയര്‍ സ്കൂള്‍ എന്നിവിടങ്ങളിലും വേദികള്‍ ഒരുക്കിയിട്ടുണ്ട്.
മൊത്തം 8641 പേരാണു മത്സരത്തില്‍ പങ്കെടുക്കുന്നത്. 297 ഇനങ്ങളില്‍ മത്സരം നടക്കും. 200 അപ്പീല്‍ ലഭിച്ചതില്‍ 30% അനുവദിച്ചതായി സംഘാടക സമിതിക്കു വേണ്ടി മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും കോര്പറേഷന് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണനും അറിയിച്ചു.