എ.ടി.എം ഉപയോഗത്തിന് വീണ്ടും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നു. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് നല്കിയ ഇളവാണ് അവസാനിച്ചത്. നോട്ട് നിയന്ത്രണം തുടരുന്ന സാഹചര്യത്തില്‍ സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത് ഉപയോക്താക്കളുടെ കീശ ചോര്‍ത്തും. റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാറോ ഇളവ് തുടരുമെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
കേരളത്തില്‍ മാസം അഞ്ചുതവണ എ.ടി.എം ഉപയോഗത്തിന് സര്‍വിസ് ചാര്‍ജില്ല. അതിനുശേഷം ഉപയോഗിക്കുന്നതിന് സര്‍വിസ് ചാര്‍ജ് നല്‍കണം. 20 രൂപ വരെ ചില ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഡിസംബര്‍ 31ഓടെയാണ് സര്‍വിസ് ചാര്‍ജ് വീണ്ടും നിലവില്‍ വന്നത്. അതേസമയം, ഗ്രാമീണ മേഖലകളിലേക്ക് കൂടുതല്‍ നോട്ട് ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്കി. നിലവില്‍ ഗ്രാമീണ മേഖലയില്‍ പണലഭ്യതയില്‍ പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണിത്.
40 ശതമാനം നോട്ടുകള്‍ ഗ്രാമീണ മേഖലക്ക് നല്കാന് കാഷ് ചെസ്റ്റുകളോട് ആവശ്യപ്പെട്ടു. റീജനല്‍-റൂറല്‍ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ഗ്രാമീണ മേഖലയിലെ വാണിജ്യ ബാങ്കുകള്‍, എ.ടി.എമ്മുകള്‍ എന്നിവക്ക് മുന്‍ഗണന അടിസ്ഥാനത്തില്‍ നോട്ട് നല്‍കണം. ഓരോ മേഖലയുടെയും ആവശ്യം പരിഗണിച്ചുള്ള നടപടി ഇക്കാര്യത്തില്‍ വേണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ചിട്ടുണ്ട്.