ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമായി നടത്തുന്നതിനു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ സൗജന്യ ആപ്പായ ഭീം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ എസ്എംഎസ് ചാര്‍ജ്ജ് ഈടാക്കുന്നതായി പരാതി. ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തു കഴിയുമ്പോള്‍ മൊബൈല്‍ ബാലന്‍സില്‍നിന്ന് 1.50 രൂപ നഷ്ടപ്പെടുന്നു എന്ന് ഉപയോക്താക്കള്‍.
വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി നേരേന്ദ്ര മോദി ഭീം ആപ്പ് പുറത്തിറക്കിയത്. ഇത് ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യുന്ന സമയത്ത് ഒരു നോട്ടിഫിക്കേഷന്‍ കോഡ് മൊബൈല്‍ ഫോണില്‍ ലഭിക്കുകയും ഇതിന്റെ ചാര്‍ജ്ജായി ഉപഭോക്താക്കളുടെ മൊബൈല്‍ ബാലന്‍സില്‍നിന്ന് 1.50 രൂപ ഈടാക്കുകയും ചെയ്യുന്നുണ്ടെന്നാണ് പരാതി.
ഭീം ആപ്പ് പുറത്തിറക്കി ദിവസങ്ങള്‍ക്കുള്ളില്‍ 30 ലക്ഷത്തിലധികം ആളുകള്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് രണ്ടും ഒരാള്‍ തന്നെ ഉറപ്പാക്കും. ആധാര്‍ കാര്‍ഡ് അധിഷ്ഠിതമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഇല്ലെങ്കിലും ആപ്പിലൂടെ പണമിടപാട് നടത്താന്‍ സാധിക്കും. ഡോ.ബി.ആര് അംബ്ദേക്കറുടെ സ്മരണാര്‍ത്ഥമാണ് ആപ്പിന് ഭീം ആപ്പ് എന്ന് പേരിട്ടിരിക്കുന്നത്
.
ഭീം ആപ്പിലൂടെ നടക്കുക വലിയ വിപ്ലവമാണ് എന്ന് ആപ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആന്‍ഡ്രോയിഡ് ഫോണുള്ള ആര്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം ഭാവിയില്‍ തള്ളവിരല്‍ ഉപയോഗിച്ച് മാത്രം ആളുകള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താം.
സാമ്പത്തിക ഇടപാടുകള്‍ പരമാവധി ഡിജിറ്റലാക്കി മാറ്റുകയാണ് ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയതിലൂടെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. നാഷണല്‍ പെയ്മെന്റ് കോര്പറേഷന് ഓഫ് ഇന്ത്യയാണ് ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരിക്കുന്നത്.