‘ഇഷ്ടമുള്ള വസ്ത്രം ഞങ്ങള്‍ക്ക് ധരിക്കണം സര്…
ചുവപ്പായാലും കാവിയായാലും പച്ചയായാലും
ധരിക്കുന്ന വസ്ത്രത്തിലും രാഷ്ട്രീയം കാണരുത് സര്…’
കാസര്‍ഗോഡ് പറക്കളായിയില്‍ വെച്ച് ചുവന്ന മുണ്ടുടുത്ത് തെയ്യം കാണാന്‍ വന്നു എന്നു പറഞ്ഞ് ജെഫ്രിന്‍ ജെറാല്‍ഡ് , രാഹുല്‍ മുല്ലശ്ശേരി , ശ്രീലക്ഷ്മി , നവജിത് നാരായണ്‍ എന്നീ മാധ്യമ പഠന വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ച ആര് എസ് എസിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ കോഴിക്കോട് മൊഫ്യൂസല്‍ ബസ്റ്റാന്റ് പരിസരത്ത് വെച്ച് വിദ്യാര്‍ഥി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പാഠ്യപ്രവര്‍ത്തനത്തിന്റെ ഭാഗമായി തെയ്യമെന്ന അനുഷ്ടാന കലാരൂപത്തെ പറ്റി പഠിക്കാനായ് പോയ കോഴിക്കോട് ജില്ലയിലെ നാലംഗ വിദ്യാര്‍ത്ഥി സംഘമാണ് ആര് എസ് എസ് ആക്രമത്തിന് ഇരകളായത് . ഞങ്ങടെ ഗ്രാമത്തില്‍ ചുവന്ന മുണ്ടുടുത്ത് കയറാന്‍ നിങ്ങളാരെടാ എന്ന ചോദ്യത്തോടെയായിരുന്നു വിദ്യാര്ത്ഥിനിയടക്കമുള്ളവരെ മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേരള റിപ്പോര്‍ട്ടേഴ്സ് & മീഡിയ പോഴ്സണ്സ് യൂണിയന്റെ വിദ്യാര്‍ത്ഥി സംഘടനയായ കേരള യങ്ങ് മീഡിയ പേഴ്സണ്‍സ് യൂണിയന് കൂട്ടായ്മക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കെ.ആര്.എം.യു സംസ്ഥാന കമ്മറ്റി അംഗം യു.ടി ബാബു , കെ.വൈ.എം.യു സംസ്ഥാന വൈസ് പ്രസിഡന്റ് ആനന്ദ് കെ.എസ് , സെക്രട്ടറി ഫാരിസ് പാവിട്ടപ്പുറം, ജോ: സെക്രട്ടറിമാരായ അഷ്ഫാക്ക്, സൈഫുല്‍ ഇസ്ലാം എന്നിവരും കെ.വൈ.എം.യു സംസ്ഥാന കമ്മറ്റി അംഗങ്ങളായ അസ്ലം, വസിം, അമൃത തുടങ്ങിയവരും പങ്കെടുത്തു. മാധ്യമ വിദ്യാര്‍ത്ഥിക്ക് നേരെ അക്രമണം നടത്തിയവര്‍ക്കെതിരെ ശക്തമായ നിയമ നടപടി എടുക്കണമെന്ന് പ്രതിഷേധ സംഗമത്തില്‍ ആവശ്യമുയര്‍ന്നു.