Home » ഇൻ ഫോക്കസ് » ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്‌പോര്‍ട്ട് നല്‍കണം

ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്‌പോര്‍ട്ട് നല്‍കണം

ഹജ്ജ് അപേക്ഷകര്‍ക്ക് അടിയന്തരമായി പാസ്‌പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ മുഴുവന്‍ പാസ്‌പോര്‍ട്ട് ഓഫീസ് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യവകുപ്പ് നിര്‍ദേശം നല്‍കി.

തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്കും 70 വയസിനു മുകളില്‍ പ്രായമുളളവര്‍ക്കും നേരിട്ട് അവസരം ലഭിക്കുമെന്നതിനാല്‍ അപേക്ഷയോടൊപ്പം തന്നെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കേണ്ടതുണ്ട്. ആയതിനാല്‍ ഹജ്ജ് ആവശ്യവുമായി എത്തുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് കാലതാമസമില്ലാതെ നല്‍കണമെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശം.

24 വരെയാണ് ഹജ്ജ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. പാസ്‌പോര്‍ട്ട് ഓഫീസുകളില്‍ ഇതിനായി പ്രത്യേക കൗണ്ടര്‍ ഒരുക്കി നോഡല്‍ ഓഫീസറെ നിയമിക്കണം.ഇവരുടെ പോലീസ് വെരിഫിക്കേഷനുകള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ വകുപ്പ് പോലീസ് ഉദ്യോഗസ്ഥരോടും നിര്‍ദേശിക്കണം.

പാസ്‌പോര്‍ട്ടിന്റെ പേരില്‍ തീര്‍ഥാടനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും നിര്‍ദേശത്തിലുണ്ട്. രാജ്യത്തെ മുഴുവന്‍ പാസ്‌പോര്‍ട്ട് കേന്ദ്രങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷകന് പാസ്‌പോര്‍ട്ടുണ്ടായിരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

നേരിട്ട് അവസരം ലഭിക്കാത്ത അപേക്ഷകരായാലും അപേക്ഷയില്‍ പാസ്‌പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. 2018 ഫെബ്രുവരി 28 വരയെങ്കിലും കാലാവധിയുളള പാസ്‌പോര്‍ട്ട് തീര്‍ത്ഥാടകനുണ്ടായിരിക്കണമെന്നാണ് കേന്ദ്ര ഹജ്ജ് കമ്മറ്റിയുടെ നിര്‍ദേശം. ഈ വര്‍ഷം ഹജ്ജ് അപേക്ഷ സ്വീകരണം കുറഞ്ഞ ദിവസങ്ങള്‍ മാത്രമാണുളളത്. ആയതിനാല്‍ പാസ്‌പോര്‍ട്ട് കാലാവധി കഴിഞ്ഞവരും പാസ്‌പോര്‍ട്ട് ഇതുവരെ എടുക്കാത്തവരും കൂടുതലാണ്.

Leave a Reply