റിപ്പോര്‍ട്ട്: ആനന്ദ് കെ എസ്
കോഴിക്കോട് ബീച്ചിലെ പൊള്ളുന്ന വെയിലില്‍ ഏവര്‍ക്കും ആശ്വാസം ലയണ്‍സ് പാര്‍ക്കിലെ മരങ്ങളാണ് എന്നാല്‍ ഇന്നലെ മുതല്‍ ബീച്ച് ലയണ്‍സ് പാര്‍ക്കിലെ മരങ്ങള്‍ വെറും മരങ്ങളല്ല . അവയെല്ലാം തിരിച്ചറിഞ്ഞ് ശാസ്ത്രീയ നാമങ്ങളടങ്ങുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കയാണ് കോഴിക്കോട് ലയണ്‍സ് ക്ലബ്ബ് . ബീച്ചിലെ ഉപ്പുകാറ്റിനെ പ്രതിരോധിച്ച് പല ഋതുക്കള്‍ പിന്നിട്ട മരങ്ങളെ ബഹുമാനിക്കുന്നതിനൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉപയോഗ പ്രദമായി ഒരു ബൊട്ടാണിക്കല്‍ ഗാര്ഡന് പോലെ സജ്ജമാക്കുക എന്നതു കൂടിയാണ് പദ്ധതിയുടെ ലക്ഷ്യം.
ലയണ്‍സ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വേളയിലാണ് വൃക്ഷങ്ങളെ ശാസ്ത്രീയമായി വേര്‍തിരിച്ച് ബോര്‍ഡ് വെയ്ക്കണം എന്ന ആശയം വന്നത്. ഫാറൂഖ് കോളേജ് സസ്യ ശാസ്ത്ര വിഭാഗം മേധാവിയും കേരള വന ഗവേഷണ നിലയത്തിലെ മുന്‍ ഗവേഷകനുമായ ഡോക്ടര്‍ കിഷോര്‍ കുമാറാണ് ഈ ആശയം പ്രാവര്‍ത്തികമാക്കാന്‍ ലയണ്‍സിനെ സഹായിച്ചത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് മരങ്ങളുടെ ശാസ്ത്രീയ നാമമടങ്ങിയ ബോര്‍ഡ് വച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.മുപ്പതിലേറെ വരുന്ന വൃക്ഷങ്ങളെ അവയുടെ കുടുംബത്തിന്റെയും ജന്മദേശത്തിന്റെയും അടിസ്ഥാനത്തിലും വേര്‍തിരിച്ചിട്ടുണ്ട്.ഇവയില്‍ 17 എണ്ണം നാടന്‍ മരങ്ങളും മറ്റുള്ളവ അമേരിക്ക,ഓസ്ട്രേലിയ,ചൈന,മലേഷ്യ,ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും ഉള്ളവയാണെന്ന് ഡോ.കിഷോര്‍ കുമാര്‍ പറഞ്ഞു. ബോര്ഡുകള്ക്കായുള്ള സാമ്പത്തിക സഹായം ട്രേഡ് ലൈന്‍സ് മാനേജിങ് പാര്ട്നണര് അബ്ദുള്‍ റഷീദാണ് നല്‍കിയത്.