ഏണസ്റ്റോ ചെഗുവേരയുടെ ചിത്രങ്ങള്‍ കേരളത്തിലെ ഗ്രാമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി. ഗാന്ധിജിക്കും വിവേകാനന്ദനും മദര്‍ തെരേസക്കുമൊപ്പം വെക്കാന്‍ കൊള്ളാവുന്ന ചിത്രമല്ല ചെഗുവേരയുടേതെന്നും ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന സാന്നിധ്യമാണ് അതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് പറഞ്ഞത്. ബിജെപി വടക്കന്‍ മേഖലാജാഥയുടെ ഭാഗമായി കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രാധാകൃഷ്ണന്റെ പരാമര്‍ശം.
ലോകത്ത് ഏറ്റവുമധികം അരക്ഷിതാവസ്ഥ സൃഷ്ടിച്ച ആളാണ് ചെഗുവേര. കറുത്ത വര്‍ഗക്കാരെ നിഷ്ഠൂരം കൊലപ്പെടുത്തിയ ആള്. മുസോളിനിയുടെയും ഹിറ്റ്ലറുടെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ക്കൊപ്പമാണ് ചെയുടെ സ്ഥാനം. ചെഗുവേരയുടെ ചിത്രം കാണുന്ന ചെറുപ്പക്കാരാണ് തീവെച്ചും വെട്ടിയും ജനത്തെ കൊല്ലാന്‍ നടക്കുന്നത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നേതാക്കളുണ്ടല്ലോ. ചെയുടെ ചിത്രങ്ങള്‍ക്ക് പകരം ഇഎംഎസിന്റെയോ എകെജിയുടെയോ ചിത്രങ്ങള്‍ വെക്കട്ടെ. ഗോഡ്സേയുടെ ചിത്രം വെക്കുന്നതിനെയും ബിജെപി അംഗീകരിക്കുന്നില്ലെന്നും രാധാകൃഷ്ണന് പറഞ്ഞു.
ഐഎഫ്എഫ്കെയിലെ ദേശീയഗാനവിവാദത്തില്‍ ബിജെപി കടന്നാക്രമിച്ച സംവിധായകന് കമലിനെതിരെയും രാധാകൃഷ്ണന് രംഗത്തെത്തി. രാജ്യത്ത് ജീവിക്കാന്‍ കഴിയില്ലെങ്കില്‍ കമല്‍ രാജ്യം വിട്ടുപോകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് കമലെന്നും പ്രധാനമന്ത്രിയെ നരഭോജിയെന്ന് വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച ബോര്‍ഡ് ചെയര്മാന് സ്ഥാനമെന്നും രാധാകൃഷ്ണന് ആരോപിച്ചു.
