വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിനെതിരെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും പ്രതിഷേധം വ്യാപകമാകുന്നു. ട്രോള്‍ എന്നാല്‍ കേവലം തമാശ മാത്രമല്ലെന്നും, അതിശക്തമായി തന്നെ പ്രതിഷേധിക്കാനുള്ള മാര്‍ഗമാണെന്നും തെളിയിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിലെ ഉപയോക്താള്‍ കോളേജ് അധികൃതര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ടാണ് പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കോഴിക്കോട് വടകര സ്വദേശി ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം നടന്ന പരീക്ഷയില്‍ കോപ്പിയടിച്ചുവെന്ന് ആരോപിച്ച് അധ്യാപകര്‍ ശാസിച്ചിരുന്നുവെന്നും മാനേജ്മെന്റിന്റെയുള്പ്പെടെയുള്ള മാനസികമായ പീഡനമാണ് ജിഷ്ണുവിന്റെ മരണത്തിന് കാരണം എന്നാണ് ആരോപണം.എല്ലാ ട്രോള്‍ ഗ്രൂപ്പുകളും ജിഷ്ണുവിന് നീതി വേണമെന്നാവശ്യപ്പെട്ടു കൊണ്ട് പ്രതിഷേധിക്കുന്നുണ്ട്. #JusticeForJishnu എന്ന ഹാഷ്ടാഗിന് കീഴിലാണ് പ്രതിഷേധ പോസ്റ്റുകള്‍ അണി നിരക്കുന്നത്.
