സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ കര്‍ണാടകയ്ക്കെതിരെ കേരളത്തിന് സമനില. രണ്ടു ജയവും ഒരു സമനിലയും വഴി കേരളത്തിന് ഇതോടെ ഏഴുപോയിന്റായി. കര്‍ണാടകയ്ക്കു നാലും.
ഗോളുകളൊന്നും പിറക്കാത്ത മല്‍സരം കാണികളെയും കളിക്കാരെയും നിരാശപ്പെടുത്തിയെങ്കിലും കേരളം മേല്‍ക്കൈ നിലനിര്‍ത്തി. വിജയം അനിവാര്യമായിരുന്ന കര്‍ണാടക താരങ്ങളുടെ കഠിന പരിശ്രമങ്ങളെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതു കേരളത്തിന്റെ പ്രതിരോധനിരയുടെ വിജയമായി.
മത്സരത്തിന്റെ 27ാം മിനിറ്റില്‍ ജോബി ജസ്റ്റിനെ തള്ളിയ കര്‍ണാടകയുടെ അരുണ്‍ പോണ്ടിക്ക് ചുവപ്പു കാര്‍ഡ് ലഭിച്ചു. കേരള ക്യാപ്റ്റന്‍ ഉസ്മാനടക്കം പലര്‍ക്കും മഞ്ഞ കാര്‍ഡും ലഭിച്ചു. എതിരാളികള്‍ പത്ത് പേരായി ചുരുങ്ങിയപ്പോഴും കേരളത്തിന് ഇത് വേണ്ടവിധം വിനിയോഗിക്കാനായില്ല. ഇതോടെ കര്‍ണാടക കൂടുതല്‍ കരുതലോടെ കളിക്കുകയും ചെയ്തു.
അതേസമയം ടൂര്‍ണമെന്റില്‍ കേരളത്തിന്റെ പ്രകടനം മെച്ചപ്പെട്ടതാണെന്നും കര്‍ണാടകയുമായുള്ള കളിയില്‍ അവസരങ്ങള്‍ മുതലാക്കാന്‍ സാധിച്ചില്ലെന്നും കോച്ച് വിപി ഷാജി പറഞ്ഞു. ഫൈനല്‍ റൗണ്ടില്‍ കൂടുതല്‍ കരുത്തരുമായി ഏറ്റുമുട്ടേണ്ടി വരുമെന്നതിനാല്‍ ടീം ഇനിയും മെച്ചപ്പെടാനുണ്ടെന്നും അദ്ദേഹം കൂട്ടി,്,ര്േത്തു.
പുതുച്ചേരി-ആന്ധ്ര മല്‍സരവും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. യോഗ്യതാ മല്‍സരങ്ങള്‍ ഇന്നു സമാപിക്കും. ഇന്നത്തെ തമിഴ്നാട് സര്‍വീസസ് മല്‍സരത്തിലെ വിജയികളായിരിക്കും ബി ഗ്രൂപ്പില്‍നിന്നു ഫൈനല്‍ റൗണ്ട് യോഗ്യത നേടുക. കഴിഞ്ഞതവണ സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടില്‍ത്തന്നെ കേരളം പുറത്തായിരുന്നു.