Home » കളിക്കളം » ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്ക്

ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോയ്ക്ക്

2016ലെ ഏറ്റവും മികച്ച പുരുഷ ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ബെസ്റ്റ് പ്ലെയര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ ക്യാപ്റ്റനും റയല്‍ മാഡ്രിഡിന്റെ സ്‌ട്രൈക്കറുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് 31കാരന്റെ നേട്ടം.
വോട്ടെടുപ്പില്‍ മെസി രണ്ടാമതും ഗ്രീസ്മാന്‍ മൂന്നാമതുമായി. പുരസ്‌കാരചടങ്ങിന് മെസി എത്തിയിരുന്നില്ല. അന്തിമപട്ടികയില്‍ ഇടം ലഭിച്ചെങ്കിലും മികച്ച താരമാകാന്‍ സാധ്യതയില്ലെന്ന ഉറപ്പിച്ചതോടെ സൂറിച്ചിലേക്ക് വരാതെ മെസി ബാഴ്‌സലോണ ടീമിനൊപ്പം തങ്ങി.
പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ് ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
പുരസ്‌കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റോണോ പുരസ്‌കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു. ഇത് നാലാം തവണയാണ് ക്രിസ്റ്റ്യാനോ ഫിഫ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പുള്ള നേട്ടങ്ങള്‍ 2008, 2013, 2014 വര്‍ഷങ്ങളില്‍. ഫ്രാന്‍സ് ഫുട്‌ബോള്‍ മാസികയുമായുള്ള കരാര്‍ അവസാനിപ്പിച്ച ശേഷം അന്താരാഷ്ട്ര ഫുട്‌ബോള്‍ സംഘടനയായ ഫിഫ സ്വന്തം നിലയ്ക്ക് നല്‍കുന്ന പുരസ്‌കാരങ്ങളാണ് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് പ്രഖ്യാപിച്ചത്.
മികച്ച പരിശീലകനുള്ള പുരസ്‌കാരം ക്ലോഡിയോ റാനിയേരിയും മികച്ച വനിതാ താരത്തിനുള്ള പുരസ്‌കാരം അമേരിക്കയുടെ കാര്‍ലി ലോയ്ഡും സ്വന്തമാക്കി. ലെസ്റ്റര്‍സിറ്റിയെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയതിനാണ് റാനിയേരിയ്ക്ക് പരിശീലകനുള്ള പുരസ്‌കാരം നേടികൊടുത്തത്. പോര്‍ച്ചുഹല്‍ പരിശീലകന്‍ ഫെര്‍ണാണ്ടോ സാന്റോസ്, റയല്‍ മാഡ്രിഡ് പരിശീലകന്‍ സിനദിന്‍ സിദാന്‍ എന്നിവരെയാണ് റാനിയേരി പിന്തള്ളിയത്.

Leave a Reply