നവംബര്‍ എട്ടിന് 1000, 500 നോട്ടുകള്‍ അസാധുവാക്കിയ ശേഷം രാജ്യത്തെ വിവിധ ബാങ്കുകളില്‍ എത്തിയത് നാലുലക്ഷം കോടി വരെ കള്ളപ്പണം. ഇതില്‍ 16,000 കോടി രൂപ സഹകരണ ബാങ്കുകളിലാണ് നിക്ഷേപിക്കപ്പെട്ടത്. ഇടപാടില്ലാതിരുന്ന അക്കൗണ്ടുകളില്‍ 25,000 കോടി രൂപയും നിക്ഷേപം നടന്നു.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 60 ലക്ഷം ബാങ്ക് അക്കൗണ്ടിലായി രണ്ട് ലക്ഷത്തിലധികം രൂപയുടെ വീതം നിക്ഷേപം വന്നു.
നിഷ്ക്രിയ അക്കൗണ്ടുകളില്‍ 25,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. നവംബര്‍ എട്ടിന് ശേഷം വായ്പ തിരിച്ചടവായി 80,000 കോടി രൂപയും ബാങ്കുകളിലെത്തി. വിവിധ സഹകരണ ബാങ്കുകളിലായി എത്തിയ 16000 കോടി രൂപയുടെ ഉറവിടവും അന്വേഷിക്കും.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ മാത്രം 10,700 കോടി രൂപയുടെ നിക്ഷേപം വന്നു.
പ്രാഥമികമായി നടത്തിയ പരിശോധനയിലാണ് ഇത്രയും തുകയുടെ കള്ളപ്പണം ബാങ്കിലെത്തിയതായി ആദായനികുതി വകുപ്പ് പറയുന്നത്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു