കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജ്മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ഒരു നൊമ്പരമായി മാറിയപ്പോൾ, വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിനെതിരെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും പ്രതിഷേധം വ്യാപകമാകുന്നതിനിടയിൽ മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ
നാല് വ൪ഷം എഞ്ചിനീയറിംഗ് കോളേജിന്റെ എല്ലാ വിധ പ്രെഷറും അനുഭവിച്ചു ജീവിച്ച ആളാണ് ഞാൻ. സാമൂഹികമായ ഒരു തലത്തിലേക്കു കൈ പിടിച്ചുയർത്താൻ വിധത്തിലും എന്നെ എന്റെ കോളേജ് ജീവിതം സഹായിച്ചിട്ടില്ല. ഇന്നും തിരിച്ചു ആ കോളേജിലേക്ക് പോകാൻ ഒരു അവസരം വരുമ്പോൾ കഴിയുന്നത്ര ഒഴിവാക്കാൻ മാത്രമേ ഞാൻ ശ്രമിക്കാറുള്ളു. അത്യാവശ്യം നല്ല രീതിയിൽ പഠിച്ചിരുന്ന എനിക്ക് ബാക്ക് ലോഗ്സ് വന്നപ്പോൾ (എഞ്ചിനീയറിംഗ് കോളേജിന്റെ പ്രഷർ തന്നെയായിരുന്നു എന്റെ ബാക് ലോഗ്സിന്റെ കാരണം) തളർത്താനും നീയൊന്നും പാസ് ആകാൻ പോണില്ല എന്നും പറയാൻ മാത്രം നാവ് പൊന്തിയിരുന്ന അധ്യാപകർ ആയിരുന്നു എന്റേത്. മാധവിക്കുട്ടിയുടെ കഥകൾ വായിച്ചതിന് ക്ലാസ് റൂമിൽ നിന്നും ആ പുസ്തകം എടുത്തു കൊണ്ട് പോവുകയും പിന്നീടത് തിരിച്ചു വാങ്ങാൻ ചെന്നപ്പോൾ “ഇത്ര വൃത്തി കെട്ട പുസ്തകങ്ങൾ ആണോ വായിക്കുന്നത് ?” എന്നും ചോദിച്ച അധ്യാപികയെ തികഞ്ഞ അവഞ്ജയോടെയല്ലാതെ എനിക്ക് ഓർമിക്കാൻ സാധിക്കില്ല. തന്റെ കുറ്റങ്ങളും കുറവുകളും വിദ്യാർത്ഥികളുടെ മുകളിൽ കെട്ടി വെച്ചിരുന്ന ഒരു പറ്റം ആളുകൾ എന്നേ എനിക്ക് അവരെ പറ്റി പറയാനൊക്കൂ.
ജിഷ്ണു എന്ന വിദ്യാർത്ഥിയുടെ മരണം എന്ത് കൊണ്ട് നടന്നു എന്ന് എന്റെ മനസ്സിൽ ഒരു ചോദ്യം ഉയരാത്തത് എന്റെ ഈ അനുഭവങ്ങൾ കൊണ്ടാണ്. ഒരു ആർട്സ് കോളേജിനെ അപേക്ഷിച്ചു എഞ്ചിനീയറിംഗ് കോളേജുകൾക്ക് നിരവധി വ്യത്യാസങ്ങൾ ഉണ്ട്. പഠിക്കുന്ന വിഷയങ്ങൾ കൊണ്ടല്ല അത്. മറിച്ചു പഠിപ്പിക്കുന്ന, ഭരിക്കുന്ന വ്യക്തികളുടെ മനസ്ഥിതി മൂലമാണ്. അച്ചടക്കം എന്നത് മിണ്ടാതിരിക്കൽ ആണെന്നും അനുസരണ എന്നത് പ്രതികരിക്കാതിരിക്കുക എന്നത് ആണെന്നും വിചാരിച്ചു വെച്ചിരിക്കുന്ന കൂപമണ്ഡൂകങ്ങൾ. അടിച്ചു തകർക്കേണ്ടവ തന്നെയാണീ സ്ഥാപനങ്ങൾ. കല്ലിലും മരത്തിലും നിർമിച്ചു വെച്ചിരിക്കുന്നവയല്ല. പകരം മാംസത്തിലും മനസ്സിലും നിർമിച്ചു വെച്ചിരിക്കുന്നവയാണ് തകർക്കപ്പെടേണ്ടത്.
NB: ഇന്നും എനിക്ക് എന്നെ സ്കൂളുകളിൽ പഠിപ്പിച്ച അധ്യാപകരെ കുറിച്ചോർക്കുമ്പോൾ സ്നേഹവും, അവരെ കാണുമ്പോൾ കെട്ടിപിടിക്കാനും ആണ് തോന്നാറ്. അവരുടെ വീടുകൾ എന്റെ വീടുകൾ ആയിട്ടു തന്നെയാണ് തോന്നാറ്. മറിച്ച് കോളേജിൽ എന്നെ പഠിപ്പിക്കാൻ ശ്രമിച്ചവരെ കുറിച്ചോർക്കുമ്പോൾ വെറുപ്പും അറപ്പും എന്റെ മനസ്സിൽ വരുന്നുണ്ടെങ്കിൽ അതിനു കാരണക്കാർ നിങ്ങൾ തന്നെയാണ്.