വൈക്കം മുഹമ്മദ് ബഷീര്‍ റോഡിനെയും കോര്‍ട്ട് റോഡിനെയും ബന്ധിപ്പിച്ച് റോഡ് നിര്‍മിക്കാനുള്ള നടപടികള്‍ക്ക് കോര്പറേഷന് തുടക്കം കുറിച്ചു. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് പുതിയ റോഡ് വരുന്നത്.
റവന്യൂ വാര്‍ഡ് ഏഴില്‍ ഉള്പ്പെട്ടസ്ഥലമാണിത്. ബഷീര്റോഡില് നിന്നു ഖാദിഎംപോറിയത്തിനു പിറകിലൂടെ മാരിയമ്മന്‍ കോവിലിനു മുന്‍വശത്തുകൂടി കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കുന്ന രീതിയിലാണ് പ്ലാന്‍. നിലവില്‍ ഇവിടെ ചെറിയ ഇടവഴിയുണ്ട്. ഇത് വികസിപ്പിച്ച് വലിയറോഡ് നിര്‍മിക്കാനാണ് കൗണ്‍സില്‍ തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ എല്‍ഐസി ഭാഗത്തുനിന്നും കോര്‍ട്ട് റോഡിലേക്കെത്താന്‍ മിഠായിത്തെരുവ് വഴി ചുറ്റണം. അല്ലെങ്കില്‍ സെന്‍ട്രല്‍ ലൈബ്രറി ചുറ്റി വൈക്കം മുഹമ്മദ് ബഷീര്റോഡില് നിന്നും വണ്‍വേ തെറ്റിച്ച് കോര്‍ട്ട് റോഡിലേക്ക് പ്രവേശിക്കണം. ഇത് പലപ്പോഴും അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിഠായിത്തെരുവിലെ വാഹനത്തിരക്ക് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതും പതിവാണ്. പുതിയ റോഡ് വരുന്നതോടെ ചെറൂട്ടിറോഡില്‍ നിന്നും ഗേറ്റ് കടന്നെത്തുന്ന വാഹനങ്ങള്‍ക്ക് എളുപ്പം മുഹമ്മദ് ബഷീര്റോഡിലേക്ക് പ്രവേശിക്കാനാകും.
ഇതിനായി കുറച്ചു ഭാഗത്തുമാത്രം വണ്‍വേ ഒഴിവാക്കിയാല്‍ മതി. ഈ രീതി നടപ്പിലായാല്‍ കോര്‍ട്ട് റോഡില്‍ എത്തുന്ന വാഹനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ മാനാഞ്ചിറഭാഗത്തേക്ക് എത്താന്‍ സാധിക്കും. വാഹനങ്ങള്‍ പുതിയറോഡിലൂടെ തിരിയുന്നതിനാല്‍ മിഠായിതെരുവിലെ തിരക്ക് നിയന്ത്രിക്കാനുമാകും. റോഡിനായി അഞ്ചു പേര് സൗജന്യമായി അഞ്ച് മീറ്റര്‍ വീതിയില്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറായിട്ടുണ്ട്. ഇവര്‍ക്ക് കെട്ടിട നിര്‍മാണത്തില്‍ ഇളവനുവദിക്കും. സ്ഥലം നല്‍കാത്തവരില്‍ നിന്ന് എട്ടുമീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുക്കും. ഈ സ്ഥലത്തിന് പൊന്നുംവില നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഇന്നലെ പ്രാഥമിക കൗണ്‍സിലില്‍ ചര്‍ച്ച നടന്നു.