Home » ഇൻ ഫോക്കസ് » പ്രമാണങ്ങളെ ആസ്പദമാക്കി പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ദേശീയത ഇല്ലെന്നാണ് വ്യക്തമാകുന്നതെന്ന് എം.ജി.എസ്.

പ്രമാണങ്ങളെ ആസ്പദമാക്കി പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ദേശീയത ഇല്ലെന്നാണ് വ്യക്തമാകുന്നതെന്ന് എം.ജി.എസ്.

കോഴിക്കോട്: പ്രമാണങ്ങളെ ആസ്പദമാക്കി പരിശോധിച്ചാല്‍ ഇന്ത്യയ്ക്ക് ദേശീയത ഇല്ലെന്നാണ് വ്യക്തമാകുന്നതെന്ന് ഡോ. എം.ജി.എസ്. നാരായണന്‍. പോലീസ് ക്ലബ്ബില്‍ ‘പാഠഭേദം’ സംഘടിപ്പിച്ച ‘ജനഗണമന’ പ്രഭാഷണപരമ്പരയില്‍ ‘ഇന്ത്യയ്ക്ക് ദേശീയതയും ദേശീയപാരമ്പര്യവും ഉണ്ടോ’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടുരാജ്യങ്ങളായി ചിതറിക്കിടക്കുകയായിരുന്ന ഇന്ത്യയില്‍ അഞ്ചുശതമാനത്തോളം പേര്‍ക്കേ സാക്ഷരതയുണ്ടായിരുന്നുള്ളൂ. ആ രാജ്യങ്ങളുടെ അധികാരം നാട്ടിന്‍പുറങ്ങളെ ബാധിച്ചിരുന്നില്ല. അത്തരമൊരു സമൂഹത്തില്‍ എന്തു ദേശീയത? ചന്ദ്രഗുപ്തന്റെയും അശോകന്റെയും കാലത്തെ ദേശീയബോധം ഇന്നുണ്ടോ എന്ന ചോദ്യം പലരും ചോദിക്കാറുണ്ട്. ചന്ദ്രഗുപ്തനെക്കുറിച്ചും അശോകനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ പുറത്തറിയിച്ചതുതന്നെ ബ്രിട്ടീഷ് പണ്ഡിതരാണ്. ഇത്തരം കാര്യങ്ങളൊന്നും നമുക്കറിയില്ലായിരുന്നു. ബ്രിട്ടീഷുകാരാണ് ഇന്ത്യയെ ഏകീകരിച്ചത്. അതിന് അവര്‍ പലമാര്‍ഗങ്ങളും സ്വീകരിച്ചു.

വിദേശീയാക്രമണങ്ങളുടെ ഒരു പരമ്പരയാണ് ഭാരതചരിത്രമെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. അലക്‌സാണ്ടറുടെ ആക്രമണപരമ്പരയെക്കുറിച്ചൊക്കെ ഈ പുസ്തകങ്ങളില്‍ കാണാം. അദ്ദേഹം ഇന്ത്യന്‍ അതിര്‍ത്തിവരെ വന്ന് തിരിച്ചുപോയിട്ടേയുള്ളൂ. ആക്രമിച്ചിട്ടൊന്നുമില്ല. പൗരസ്ത്യ ചരിത്രകാരന്മാരാകട്ടെ, ഇന്ത്യക്കാരെല്ലാം ആത്മീയവാദികളാണെന്നാണ് പറഞ്ഞത്. വാസ്തവത്തില്‍, ഇന്ത്യയെന്ന സങ്കല്പമല്ലാതെ ഒരു രാജ്യം ഉണ്ടായിരുന്നില്ല. രാമായണത്തിലും മഹാഭാരതത്തിലും പുരാണ ഇതിഹാസകൃതികളിലും കാളിദാസകൃതികളിലുമൊക്കെയായാണ് ആ സങ്കല്പം പ്രചരിച്ചത്. അതും വളരെ ചെറിയൊരു ശതമാനം ജനങ്ങള്‍ക്കിടയില്‍മാത്രം. പണ്ടേ ദേശീയത ഉണ്ടായിരുന്നു, ബ്രിട്ടീഷുകാര്‍ അതു നശിപ്പിച്ചു എന്നു പറയുന്നതില്‍ കാര്യമില്ല. ഇവിടെയുണ്ടായിരുന്നത് നാട്ടുരാജ്യങ്ങളാണ്. അതു ദേശീയതയല്ല. നമുക്കൊരു ദേശീയതയുണ്ടായിരുന്നവെന്നത് മിഥ്യാബോധമാണെന്ന് അംഗീകരിക്കേണ്ടിയിരിക്കുന്നു. പണ്ടേ ദേശീയതയുണ്ടെന്നു വരണമെങ്കില്‍ ഒരു ശത്രുവേണം. അതിന് ബ്രിട്ടീഷുകാരെ ശത്രുപക്ഷത്ത് പ്രതിഷ്ഠിച്ചു. പിന്നെ, സുവര്‍ണയുഗത്തെക്കുറിച്ചുള്ള ധാരണവേണം. ഗുപ്തസാമ്രാജ്യകാലത്തെ സുവര്‍ണയുഗമാക്കി മാറ്റി.

രാമനെ യഥാര്‍ഥചരിത്രപുരുഷനും ദൈവാവതാരവുമാണെന്ന് അംഗീകരിക്കണമെന്ന വാദമാണ് ഇപ്പോള്‍ ഉയരുന്നത്. ആദികവിയാണ് വാല്മീകി. ആദ്യചരിത്രകാരനല്ല. രാമനെ ചരിത്രപുരുഷനായി അംഗീകരിക്കുകയാണെങ്കില്‍ വാനരന്മാരും രാക്ഷസന്മാരുമൊക്കെയാണ് ദക്ഷിണേന്ത്യയിലുണ്ടായിരുന്നതെന്നും പറയേണ്ടിവരും. രാമായണം കാവ്യമാണ്. കാവ്യത്തെ ചരിത്രമായി സ്വീകരിക്കുമ്പോള്‍ പല അപകടങ്ങളുമുണ്ട്. ഇതുതന്നെയാണ് മഹാഭാരതത്തിന്റെയും സ്ഥിതി. ചരിത്രവും ഇതിഹാസവും കാവ്യവുമൊക്കെ വേര്‍തിരിച്ച് കാണാനുള്ള വിവേകം നമ്മുടെ പൂര്‍വികര്‍ക്കുണ്ടായിരുന്നു. ആത്മീയത മാത്രമല്ല ഭാരതത്തിന്റെ പാരമ്പര്യത്തിലുള്ളത്. ഭൗതികകാര്യങ്ങള്‍ പറഞ്ഞവരെ നമ്മള്‍ മോശക്കാരായല്ല കണ്ടത്.

‘കാമസൂത്രം’ രചിച്ച വാത്സ്യായന്‍ സന്ന്യാസിയായിരുന്നു. ലോകത്തില്‍ ആദ്യമായിത്തന്നെ രതി ആസ്പദമാക്കിയുള്ള സുഖസ്വപ്നങ്ങള്‍ സമൂഹത്തിലുണ്ടെന്നും അത് അംഗീകരിക്കണമെന്നും അതിനെന്തൊക്കെ വേണമെന്ന കാര്യത്തില്‍ വഴികാട്ടുകയും ചെയ്യുന്ന ഗ്രന്ഥമാണത്. രാജ്യഭരണമെങ്ങനെ വേണമെന്നു വിശദമായി പ്രതിപാദിക്കുന്ന ‘അര്‍ഥശാത്രം’ രചിച്ച കൗടില്യനും ഇവിടെയുണ്ടായിരുന്നു. രാജ്യം ഭരിക്കുന്നവര്‍ മക്കളെ കൊല്ലുന്നതാണ് നല്ലതെന്നും രാജാവ് മരിച്ചാല്‍ അംഗരക്ഷകരും സേനാനായകരുമൊക്കെ ചിതയില്‍ച്ചാടിമരിക്കണമെന്നും ആ ഗ്രന്ഥത്തില്‍ പറയുന്നുണ്ട്. 40 വിധം അഴിമതികളെക്കുറിച്ചാണ് ആ ഗ്രന്ഥത്തില്‍ വിവരിക്കുന്നത്.

വെള്ളത്തിലുള്ള മീന്‍ എപ്പോള്‍ വെള്ളം കുടിക്കുമെന്നു പറയാനാവാത്തതുപോലെ, തേന്‍പുരണ്ട നാവില്‍ മധുരത്തിന്റെ ആകര്‍ഷണം നിലനില്‍ക്കുന്നതുപോലെ, ഭരിക്കുന്ന ഉദ്യോഗസ്ഥര്‍ എപ്പോള്‍ അഴിമതി കാണിക്കുമെന്നു പറയാനാവില്ലെന്ന് അര്‍ഥശാസ്ത്രം വിവരിക്കുന്നു. ഇന്നും അഴിമതിയുടെ സ്ഥിതി ഇങ്ങനെയൊക്കെത്തന്നെ. ചോരശാസ്ത്രം വരെ ഇവിടെയുണ്ടായിരുന്നു. ഇങ്ങനെയിരിക്കെ, ആത്മീയതയിലധിഷ്ഠിതമായ ദേശീയതയെന്നത് വെറും സങ്കല്പമാണെന്നു കാണാം.

Leave a Reply