Home » ഇൻ ഫോക്കസ് » ഒരു പോരാട്ടം കൂടി വിജയിക്കുമ്പോൾ… എൻഡോസൾഫാൻ കേസിലെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നു: എം. സ്വരാജ്

ഒരു പോരാട്ടം കൂടി വിജയിക്കുമ്പോൾ… എൻഡോസൾഫാൻ കേസിലെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നു: എം. സ്വരാജ്

എൻഡോസൾഫാൻ കേസിലെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നവെന്ന് എം. സ്വരാജ് എം.എൽഎ. തന്‍റെ ഫേസ്ബുക്കിലാണ് അദ്ദേഹം ഇൗ കാര്യം വെളിപ്പെടുത്തിയത്. ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം ചുവടെ

ഒരു പോരാട്ടം കൂടി വിജയിക്കുമ്പോൾ ….
എം. സ്വരാജ്.
എൻഡോസൾഫാൻ കേസിലെ ഇന്നത്തെ സുപ്രീം കോടതി വിധിയെ ഇരകൾക്കൊപ്പം സ്വാഗതം ചെയ്യുന്നു. ഡിവൈഎഫ്ഐ ഏറ്റെടുത്ത ബഹുമുഖമാർന്ന ഒരു മഹാ സമരത്തിന്റെ വിജയമാണിത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 5 ലക്ഷം വീതം നഷ്ടപരിഹാരം 3 മാസത്തിനുള്ളിൽ നൽകണമെന്നും ജീവിതകാലം മുഴുവൻ സൗജന്യ ചികിത്സ നൽകണമെന്നും കോടതി വിധിച്ചിരിക്കുന്നു.
മുൻ വാർത്തകളെപ്പോലെ ചുരുക്കം ചില മാധ്യമങ്ങൾക്ക് ഈ പ്രധാന ദേശീയ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോഴും ഡിവൈഎഫ്ഐ എന്ന് പറയാനുള്ള വല്ലാത്ത മടി കാണുമ്പോൾ ചിരി വരുന്നുണ്ട്.
ഡി വൈ എഫ് ഐ പോലൊരു സംഘടന കോടതിയിൽ കേസു നടത്തുകയാണോ വേണ്ടത് എന്നൊക്കെ ചോദിക്കുന്ന ചില വിചിത്ര ജീവികളുമുണ്ട്. അവർക്ക് മറുപടിയില്ല . ഈ അവസരത്തിൽ എൻഡോസൾഫാൻ വിരുദ്ധ പോരാട്ടത്തിന്റെ ഇന്നലെകളിലേക്ക് ഒന്നെത്തി നോക്കാം.
കാസർകോട് ജില്ലയിലെ 11 പഞ്ചായത്തുകളിലാണ് എൻഡോസൾഫാൻ ദുരന്തം വിതച്ചത്. തങ്ങളുടേതല്ലാത്ത കുറ്റത്തിന് ഒരു ജനത അവിടെ ശിക്ഷിക്കപ്പെടുകയായിരുന്നു. മാരക രോഗം പിടിപെട്ടവർ, ജനിതക വൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യം സംഭവിച്ചവർ, മരണത്തിനു വേണ്ടി മാത്രമുള്ള പിറവികൾ ……… മനുഷ്യ മഹാസങ്കടങ്ങളുടെ ഒരു കടലാണ് ആ പ്രദേശം.
ഈ പ്രശ്നം ഏറ്റെടുക്കണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു . ദുരന്ത മേഖലയിലൂടെ ദിവസങ്ങൾ നീണ്ടു നിന്ന കാൽനട ജാഥയ്ക്ക് ടി.വി.രാജേഷ് നേതൃത്വം നൽകി. ഇരകളുടെ നരകയാതനകൾ നേരിൽ കണ്ട് മനസിലാക്കാൻ അന്നത്തെ ‘അതിജീവന യാത്ര’ സഹായകമായി. പിന്നീട് വിവിധ സ്ഥലങ്ങളിലായി ഞങ്ങൾ തെളിവെടുപ്പ് നടത്തി പരാതികൾ സ്വീകരിച്ചു. വസ്തുതകളുടെയും നിയമോപദേശത്തിന്റെയും അടിസ്ഥാനത്തിൽ എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയെ സമീപിക്കാൻ ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
അതോടൊപ്പം പ്രത്യക്ഷ സമരപരിപാടികളും ആരംഭിച്ചു. കേരളത്തിൽ എൻഡോസൾഫാൻ ഉൽപാദിപ്പിക്കുന്ന ഏക ഫാക്ടറി കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ HIL (Hindusthan lnsecticides Limited) ആയിരുന്നു. അവിടെ DYFlസമരമാരംഭിച്ചു. യുവജന വളണ്ടിയർമാരുടെ ശക്തമായ പ്രക്ഷോഭത്തിന്റെ മുന്നിൽ പിടിച്ചു നിൽക്കാനാവാതെ കമ്പനിക്ക് ഉൽപ്പാദനം നിർത്തിവെക്കേണ്ടി വന്നു. അങ്ങനെയാണ് കേരളത്തിലെ എൻഡോസൾഫാൻ ഉൽപാദനത്തിന് പൂട്ടു വീണത്.
അതോടൊപ്പം ദുരിതമേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ഡിവൈ.എഫ് ഐ നേതൃത്വം നൽകി. ഇരുപതോളം നിർദ്ധന രോഗികളായ കുടുംബങ്ങൾക്ക് സൗജന്യമായി ഇതിനോടകം വീടുകൾ നിർമിച്ച് നൽകി. പാവപ്പെട്ട രോഗബാധിതരുടെ കുടുംബങ്ങളിലെ കുട്ടികളുടെ പത്തു വർഷത്തെ വിദ്യാഭ്യാസ ചെലവുകൾ ഡി വൈ എഫ് ഐ ഏറ്റെടുത്തു. സംഘടനയുടെ ആധുനിക ആംബുലൻസ് രോഗികൾക്കായി അവിടെ സൗജന്യസർവീസ് നടത്തുന്നുണ്ട്. ഏറ്റവും അർഹരായവർക്ക് ചികിത്സക്ക് ഇപ്പോഴും ഡി വൈ എഫ് ഐ ധനസഹായവും നൽകുന്നുണ്ട്.
ഇതിനെല്ലാം ശേഷമാണ് സുപ്രിം കോടതിയിൽ നിയമയുദ്ധം ആരംഭിച്ചത്. കീടനാശിനി കമ്പനിയുടെയും കേന്ദ്ര സർക്കാരിന്റെയും കൂട്ടായ നീക്കത്തെയാണ് ഡിവൈഎഫ്ഐ ഒറ്റയ്ക്ക് നേരിട്ടത്. ഡി വൈ എഫ് ഐ യുടെ ഹർജി സുപ്രിം കോടതി ഫയലിൽ സ്വീകരിച്ച വാർത്ത വന്ന ദിവസം യൂത്ത് കോൺഗ്രസ് ഒരു പ്രസ്താവനയിറക്കി. ” യൂത്ത് കോൺഗ്രസും കേസിൽ കക്ഷി ചേരും ” എന്നായിരുന്നു പ്രസ്താവന. ഡി വൈ എഫ് ഐ യുടെ ഹർജി ഫയലിൽ സ്വീകരിച്ചതിനേക്കാൾ പ്രാധാന്യത്തോടെ യൂത്ത് കോൺഗ്രസിന്റെ ‘ കക്ഷി ചേരൽ’ വാർത്ത ചാനലുകൾ കൊടുത്തത് ഇന്നും കൗതുകത്തോടെ ഞാനോർക്കുന്നു. യൂത്ത് കോൺഗ്രസ് തീരുമാനത്തെ ഞങ്ങളന്ന് സ്വാഗതം ചെയ്തു.
എന്നാൽ ആറേഴു കൊല്ലം മുമ്പ് ” കക്ഷി ചേരാൻ ” ഡൽഹിയിലേക്ക് പുറപ്പെട്ട യൂത്ത് കോൺഗ്രസ് സുഹൃത്തുക്കൾ ഇനിയും അവിടെയെത്തിയിട്ടില്ല….! വഴിതെറ്റിയെങ്ങാനും പോയതാണെങ്കിൽ കേസ് കഴിഞ്ഞ സ്ഥിതിക്ക് കക്ഷിചേരലുകാർക്ക് നാട്ടിലേക്കുള്ള വഴിയെങ്കിലും മാധ്യമ വിലാസം പാലൂട്ടൽ + താരാട്ടുപാടൽ സംഘം പറഞ്ഞു കൊടുക്കണമെന്നപേക്ഷിക്കുന്നു.
കേസു നടത്തിപ്പിനിടയിൽ ഒരിക്കൽ അന്നത്തെ കേന്ദ്ര പ്രതിരോധ വകുപ്പു മന്ത്രി ബഹുമാന്യനായ ശ്രീ.എ കെ. ആന്റണിയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് സന്ദർശിച്ചത് ഞാനോർക്കുന്നു. കേസിൽ കേന്ദ്ര സർക്കാർ നിലപാട് ഇരകൾക്കനുകൂലമാകണമെന്ന് അഭ്യർത്ഥിക്കാനാണ് ഞങ്ങൾ പോയത്. ആവശ്യങ്ങളെല്ലാം ന്യായമാണെന്ന് അദ്ദേഹം അംഗീകരിച്ചു എന്നാൽ സർക്കാർ നിലപാട് തിരുത്തിക്കാൻ അദ്ദേഹം നിസഹായനായിരുന്നു.
കേസിൽ കീടനാശിനി കുത്തകകൾക്കൊപ്പം കേന്ദ്ര സർക്കാർ നിലയുറപ്പിച്ചു. എന്റോസൾഫാൻ നിർമാതാക്കളുടെ വക്കീൽ കോൺഗ്രസിന്റെ ഔദ്യോഗിക വക്താവായിരുന്നു എന്നതും രസമുള്ള ഓർമയാണ്. രൂക്ഷമായ ആ നിയമയുദ്ധത്തിൽ വസ്തുതകൾ കോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. അങ്ങനെ ഒടുവിൽ ഇന്ത്യയിൽ സമ്പൂർണമായും എൻഡോസൾഫാൻ കീടനാശിനി നിരോധിച്ചു കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചു.
അവിടെയും സമരം അവസാനിപ്പിക്കാതെ ഡി വൈ എഫ് ഐ പോരാട്ടം തുടർന്നു. ഇരകളുടെ നഷ്ടപരിഹാരമെന്ന ആവശ്യമുയർത്തി. ആ കേസിലാണ് ഇന്ന് തീർപ്പായത്. കീടനാശിനി കമ്പനിക്കെതിരായ കോടതിയലക്ഷ്യക്കേസും മറ്റും ഇനിയും തുടരും. മറ്റൊരു യുവജന സംഘടനയ്ക്കും ചിന്തിക്കാൻ പോലും കഴിയാത്ത വിധം സംഘടനാ കരുത്ത് തെളിയിച്ച പ്രത്യക്ഷ സമരവും, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പാക്കേജും, സുപ്രിം കോടതിയിലെ നിയമയുദ്ധവും സമന്വയിപ്പിച്ചു കൊണ്ട് അതീവ ഗുരുതരമായ ഒരു വിഷയത്തിലെ ഡി വൈ എഫ് ഐ യുടെ സാർത്ഥകമായ മഹാപോരാട്ടം സമ്പൂർണ വിജയം നേടിയിരിക്കുന്നു.
നരകയാതന അനുഭവിക്കുന്ന ആയിരങ്ങളുടെ തീരാദുരിതത്തിന് അറുതി വരുത്താനുള്ള മഹത്തായ പോരാട്ടം സമ്പൂർണമായി വിജയിപ്പിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ അഭിമാനിക്കുന്നു. സമരവീഥിയിലുടനീളം ഞങ്ങൾക്കൊപ്പം അണിനിരന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു.
ഇത്രയൊക്കെയായിട്ടും ഡിവൈഎഫ്ഐ യെ തെറി പറഞ്ഞും , അക്ഷേപിച്ചും ആത്മസായൂജ്യമടയുന്നവരും, ഡിവൈഎഫ്ഐ എവിടെ? എന്നു ഉൽക്കണ്ഠപ്പെടുന്നവരുമായ സുഹൃത്തുക്കളെ ചികിത്സിക്കാൻ അവരുടെ രക്ഷിതാക്കൾ ഇനിയെങ്കിലും തയാറാകുമെന്ന് ആശിക്കാം.

Leave a Reply