ഒരു മാസക്കാലമായി തിയറ്റര്‍ ഉടമകള്‍ നടത്തി വന്നിരുന്ന സമരം പൊളിയുന്നു. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേര്‍സ് ഫെഡറേഷനിലെയും എക്സിബിറ്റേര്‍സ് അസോസിയേഷനിലെയും അംഗങ്ങള്‍ പുതിയ സംഘടന രൂപീകരിക്കാനും പുതിയ സിനിമകള്‍ നാളെ റിലീസ് ചെയ്യാനും തീരുമാനിച്ചു. വിജയ് ചിത്രം ഭൈരവയും മലയാളചിത്രം കാംബോജിയും ആദ്യം റിലീസ് ചെയ്യും.
സിനിമാ-സാങ്കേതിക പ്രവര്‍ത്തകരുടെ കീഴിലുള്ള തിയറ്ററുകളും പുതിയ സംഘടനയില്‍ ചേരുമെന്നാണ് സൂചന. താരങ്ങളും പ്രമുഖ നിര്‍മാതാക്കളും ഇതില്‍ അംഗമാകും. ഇതോടെ സിനിമാസമരം പൂര്‍ണമായും പൊളിയാനാണ് കൂടുതല്‍ സാധ്യത. എക്സിബിറ്റേര്‍സ് ഫെഡറേഷനില്‍ ഉള്ളവരും ഇല്ലാത്തവരുമായ ആളുകളും പുതിയ സംഘടനയില്‍ ഉണ്ടാകും. മള്‍ട്ടിപ്ലക്സ് ഉള്‍പ്പടെയുള്ള തിയറ്ററുകളില്‍ ഭൈരവ നാളെ റിലീസ് ചെയ്യും.
പ്രതിസന്ധി രൂക്ഷമായ സമയത്ത് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് തങ്ങളുടെ നിലപാടു അറിയിച്ചിരുന്നു. 12 മുതല്‍ ഫെഡറേഷനു കീഴിലുള്ള എ ക്ലാസ് തിയറ്ററുകള്‍ അടച്ചിടാന്‍ ഇന്നലെ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. പുതിയ സംഘടന വരുന്നതോടെ വലിയ പിളര്‍പ്പ് ഉണ്ടാകും.
ജോമോന്റെ സുവിശേഷങ്ങള്‍, ഫുക്രി, എസ്ര മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ക്രിസ്മസ് റിലീസ് നഷ്ടപ്പെട്ടതു മൂലം മലയാളസിനിമയ്ക്ക സംഭവിച്ചതു വന്‍നഷ്ടമാണ്. വെള്ളിയാഴ്ച ഈ ചിത്രങ്ങള്‍ തിയറ്ററുകളില്‍ റിലീസിനെത്തിക്കും.