പാമ്പാടി നെഹ്റു കോളെജിലെ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ വൈസ് പ്രിന്‍സിപ്പല്‍ അടക്കം മൂന്നുപേരെ സസ്പെന്‍ഡ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ.എന്‍.കെ ശക്തിവേല്‍, പിആര്‍ഒ സഞ്ജിത്ത് കെ വിശ്വനാഥന്, അധ്യാപകന് സി.പി പ്രവീണ്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
സംഭവം നടന്ന് ഒരാഴ്ച തികയുമ്പോഴാണ് മാനേജ്മെന്റ് നടപടി സ്വീകരിച്ചത്.അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്ന് നെഹ്റു കോളെജ് മാനെജ്മെന്റ് അറിയിച്ചു. ജിഷ്ണു നോക്കി എഴുതി എന്നാരോപിച്ച് പരീക്ഷാഹാളില്‍ നിന്നും പിടികൂടിയത് അധ്യാപകനായ സി.പി പ്രവീണായിരുന്നു. പ്രിന്‍സിപ്പല്‍ കാഴ്ചക്കാരന് മാത്രമാണെന്നും വിദ്യാര്‍ഥികള്‍ക്കെതിരെയുളള ക്രൂരതകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വൈസ് പ്രിന്‍സിപ്പലായ ശക്തിവേല്‍ ആണെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ മറ്റൊരു ആരോപണം.
മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.പി വിശ്വനാഥന്റെ മകനായ സഞ്ജിത് കെ.വിശ്വനാഥനെതിരെ കടുത്ത ആരോപണങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ ഓഫീസിലാണ് വിദ്യാര്‍ഥികളെ നിസാര കാര്യങ്ങള്‍ക്ക് വരെ വിളിച്ചു വരുത്തിയിരുന്നതും ഇടിമുറിയായി ഉപയോഗിച്ചിരുന്നതും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോഴിക്കോട് വളയം ആശോകന്റെ മകന് ജിഷ്ണു പ്രണയോയിയെ (18)യെ കോളേജ് ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി ആരോപിച്ചുള്ള പീഡനത്തില്‍ മനംനൊന്താണ് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.