കേരളത്തിലെ യുവാക്കളെ അക്രമത്തിലേക്ക് നയിക്കുന്നതിന് പിന്നില്‍ ചെഗുവേരക്ക് വലിയ പങ്കുണ്ടെന്നും അതിനാല്‍ ചെയുടെ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നെടുത്തു മാറ്റണമെന്ന് പറഞ്ഞ ബിജെപി നേതാവ് എ.എന്‍.രാധാകൃഷ്ണനെ തള്ളി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭന്. എം.ടി. വാസുദേവന്‍ നായര്‍ ഹിമാലയ തുല്യനാണെന്നും കമല്‍ രാജ്യസ്നേഹിയാണെന്നും അദ്ദേഹം പറഞ്ഞു. ചെഗുവേര തന്റെ ആരാധനാപാത്രമാണെന്നും സി.കെ.പദ്മനാഭന് പറഞ്ഞു. കൈരളി പീപ്പിള്‍ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
കള്ളപ്പണത്തിനെതിരായ ബിജെപിയുടെ ജാഥ അതിന്റെ ഉദ്ദേശത്തില്‍ നിന്ന് വഴിമാറി. സംവിധായകന് കമലിന്റെ ദേശസ്നേഹത്തെ ആരും ചോദ്യം ചെയ്യേണ്ടതില്ല. കമല്‍ പാകിസ്താനിലേക്ക് പോകണമെന്നത് എ.എന്‍. രാധാകൃഷ്ണന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. അത് ശരിയായ നിലപാടല്ല. കമലിന്റെ സിനിമകള്‍ രാജ്യസ്നേഹത്തിലധിഷ്ഠിതമാണ്. അദ്ദേഹത്തിന്റെ ദേശസ്നേഹം ചോദ്യം ചെയ്യപ്പെടേണ്ടതുമല്ല.
നോട്ട് നിരോധന വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ഹിമാലയതുല്യനായ എം.ടി വാസുദേവന്‍ നായരെ കല്ലെറിയുന്നവര്‍ സംതൃപ്തി കണ്ടെത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചെഗുവേര തന്റെ ആരാധനാപാത്രമാണെന്നും സി.കെ. പദ്മനാഭന് പറഞ്ഞു. ചെഗുവേരയെ അറിയാത്തവര്‍ ബൊളീവിയന്‍ ഡയറി വായിക്കണം. വിമര്‍ശിക്കുന്നവര്‍ ചെഗുവേരയെക്കുറിച്ച് പഠിക്കാന്‍ ശ്രമിക്കണം. അദ്ദേഹത്തെ മാതൃകയാക്കണമെന്നാണ് താന്‍ യുവാക്കളോട് എക്കാലവും പറയുന്നത്. ഗാന്ധിയെപ്പോലെയാണ് ചെഗുവേരയെന്നും സി.കെ.പദ്മനാഭന് പറഞ്ഞു.എന്നാല്‍ താന്‍ സിപിഐഎമ്മില്‍ ചേരുമെന്നത് വെറും കെട്ടുകഥയെന്നും പദ്മനാഭന് വ്യക്തമാക്കി.