Home » നമ്മുടെ കോഴിക്കോട് » നന്തി മുതല്‍ ചെങ്ങോട്ട്കാവ് വരെ, കൊയിലാണ്ടി ബൈപ്പാസ് തീരുമാനം ഉടന്‍
s curve road

നന്തി മുതല്‍ ചെങ്ങോട്ട്കാവ് വരെ, കൊയിലാണ്ടി ബൈപ്പാസ് തീരുമാനം ഉടന്‍

നഗരത്തിലെ ശ്വാസം മുട്ടിക്കുന്ന ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു. നഗരത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വികസിപ്പിക്കണമോ ബൈപാസ് പണിയണമോയെന്ന കാര്യത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ ഉണ്ടാകും. ഭൂമിയേറ്റടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ റവന്യൂ വിഭാഗം നടപടി തുടങ്ങിയിട്ടുണ്ട്. ബൈപാസ് റോഡിനു വേണ്ടി സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്ന ഉടമകളില്‍നിന്ന് സമ്മതപത്രം വാങ്ങി സര്‍ക്കാറിനു സമര്‍പ്പിക്കുമെന്ന് കെ. ദാസന്‍ എംഎല്‍എയും നഗരസഭാ ചെയര്‍മാന്‍ കെ.സത്യനും പറഞ്ഞു. ബൈപാസ് വരുന്നതിനോട് എതിര്‍പ്പില്ലെന്ന് കാണിച്ച് മൂടാടി പഞ്ചായത്തിലെ 100 സ്ഥലം ഉടമകളും നഗരസഭയിലെ 32ാം വാര്‍ഡിലെ 50 പേരും സമ്മതപത്രം നല്‍കി. ശേഷിക്കുന്ന സ്ഥലം ഉടമകളോട് സമ്മതപത്രം വാങ്ങാനുള്ള ശ്രമങ്ങളും തുടങ്ങി.

ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ ബൈപാസ് നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ ഉറപ്പ് നല്‍കിയതായി കെ. ദാസന്‍ എംഎല്‍എ അറിയിച്ചു. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെയാണ് ബൈപാസ് റോഡ് നിര്‍മിക്കുക. 1995 ലാണ് ബൈപാസ് റോഡിന്റെ നിര്‍ദേശം വന്നത്. 1997ല്‍ 30 മീറ്റര്‍ വീതിയില്‍ ബൈപാസിനു കല്ലിട്ടിരുന്നു. പിന്നീട് നടപടികളൊന്നുമുണ്ടായില്ല. ഇപ്പോള്‍ 45 മീറ്റര്‍ വീതിയിലാണ് ബൈപാസ് റോഡ് നിര്‍മിക്കുക. ദേശീയപാത വികസനമോ ബൈപാസ് നിര്‍മാണമോ നടക്കാതിരുന്നത് കാരണം നഗരത്തില്‍ ഗതാഗതക്കുരുക്ക് സങ്കീര്‍ണമായ സ്ഥിതിയിലാണ്. 10 മിനുറ്റ് കൊണ്ട് കടന്നുപോകേണ്ട വാഹനങ്ങള്‍ ഒരു മണിക്കൂര്‍വരെ റോഡില്‍ കാത്തുകെട്ടിക്കഴിയേണ്ട ഗതികേടിലാണ്.

സംസ്ഥാനത്ത് ദേശീയപാതയില്‍ മറ്റ് എവിടേയും ഇതുപോലൊരു സ്ഥിതിയുണ്ടാവില്ല. കൊയിലാണ്ടിയിലെ സവിശേഷമായ സാഹചര്യങ്ങളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ദേശീയപാതയുടെ ഇരു വശത്തും മുഖാമുഖമായി ബസ് സ്റ്റാന്‍ഡുകള്‍ സ്ഥിതിചെയ്യുന്നു. ബസ് സ്റ്റാന്‍ഡില്‍നിന്ന് ബസുകള്‍ പുറത്തേക്ക് എടുക്കുമ്പോള്‍ ദേശീയപാതയിലെ ഗതാഗതം തടസപ്പെടും. റയില്‍വേ മേല്‍പ്പാലത്തിലേക്ക് വാഹനങ്ങള്‍ കയറുന്നതും ഇറങ്ങുന്നതും ബസ് സ്റ്റാന്‍ഡിനു മുന്‍പില്‍നിന്നാണ്. ഇതു കൂടാതെ നഗരത്തിലെ പ്രധാന സര്‍ക്കാര്‍ ഓഫിസുകളും വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് ദേശീയപാതയ്ക്ക് ഇരുവശവുമാണ്.

ഇവിടെക്കുള്ള വാഹനങ്ങളുടെ തിരക്കും ഗതാഗത സ്തംഭനത്തിനു വഴിയൊരുക്കുന്നു. നഗര ഹൃദയത്തിലെ പതിവായുള്ള ഈ സ്തംഭനം ഒഴിവാക്കാന്‍ ബൈപാസ് അനിവാര്യമാണെന്ന് അധികൃതര്‍ പറയുന്നു. അതേ സമയം ബൈപാസ് റോഡ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി കര്‍മ സമിതി രംഗത്തുണ്ട്. 628 വീടുകളും അഞ്ച് കുന്നുകളും ഏഴ് കുളങ്ങളും ബൈപാസിനു ഭൂമിയേറ്റടുക്കുമ്പോള്‍ നഷ്ടമാകും. നഗരത്തില്‍ എലിവേറ്റഡ് (ആകാശപാത) പാത പണിയണമെന്നാണ് കര്‍മ സമിതിയുടെ ആവശ്യം.

Leave a Reply