സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം. രാവിലെ പ്രധാന വേദിയായ നിളയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കൗമാരകേരളത്തിന്റെ സമ്മോഹന മേളക്ക് കൊടിയുയര്‍ത്തും. കേരളത്തനിമയുടെയും കണ്ണൂര്‍ പാരമ്പര്യത്തിന്റെയും മഹത്വമാര്‍ന്ന ദൃശ്യങ്ങളുള്‍ക്കൊള്ളുന്ന സാംസ്കാരിക ഘോഷയാത്രക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന് അമ്പത്തിയേഴാമത് കേരള സ്കൂള്‍ കലോത്സവത്തിന് തിരികൊളുത്തും. ഗായിക കെ.എസ്. ചിത്ര മുഖ്യാതിഥിയാകും.
ബോംബും കത്തിയും നിറം കെടുത്തിയ കണ്ണൂരിന്റെ മനസ്സിലേക്ക് കലാവര്‍ണങ്ങളുടെ വെടിക്കെട്ടുകള്‍ ചാര്‍ത്തുന്ന നിമിഷങ്ങള്‍ക്കായി നാടും നഗരവും എല്ലാം മറന്ന് കൈകോര്‍ക്കുകയായിരുന്നു. ഒരു മാസമായി കണ്ണൂരിന്റെ സിരകളാകെ ത്രസിച്ചുനിന്ന പാരസ്പര്യത്തിന്റെയും ആതിഥ്യമഹിമയുടെയും പ്രൗഢിനിറഞ്ഞ സന്നാഹമാണ് കൗമാരകേരളത്തെ സ്വീകരിക്കാന്‍ ഒരുങ്ങിയത്.
അധികാരത്തിലേറിയ ശേഷം ആദ്യത്തെ കലാവസന്തം സ്വന്തം നാട്ടിലരങ്ങേറുന്നതിന്റെ സംതൃപ്തിയോടെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന് ഞായറാഴ്ച കലോത്സവ സംഘാടക സമിതി ഓഫിസില്‍ എത്തിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായ പ്രധാനവേദി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നാടമുറിച്ച് ഏറ്റെടുത്തു. കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ 37,500 സ്ക്വയര്‍ഫീറ്റ് വിസ്തൃതിയില്‍ 5000 പേര്‍ക്ക് ഇരിപ്പിടമൊരുക്കിയ പന്തല്‍ പൂര്‍ണമായും പ്രകൃതിസൗഹൃദമായാണ് തയാറാക്കിയത്.
മേള നിരീക്ഷിക്കാനത്തെിയ വിജിലന്‍സ് സംഘം വിദ്യാഭ്യാസ അധികൃതരില്‍നിന്ന് വിധികര്‍ത്താക്കളുടെ ഫോണ്‍ നമ്പറുകളും ബയോഡാറ്റയും മറ്റ് രേഖകളും കൈപ്പറ്റി. മറ്റു ജില്ലകളില്‍നിന്നുള്ള ടീമുകളും വിധികര്‍ത്താക്കളും പകുതിയിലേറെ രാത്രിയോടെ എത്തി. പരാതികള്‍ കുറക്കുന്നതിന് ജില്ലകളില്‍ വിധികര്‍ത്താക്കളായവരെയും മൂന്നുവര്‍ഷം തുടര്‍ച്ചയായി നിലനിന്നവരെയും ഒഴിവാക്കി ഭൂരിഭാഗവും പുതുമുഖങ്ങളാണ് കണ്ണൂരിലെത്തിയത്. 20 വേദികളിലായി ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, അറബിക്, സംസ്കൃതോത്സവങ്ങളുടെ 232 ഇനങ്ങളില്‍ 12,000 പ്രതിഭകളാണ് മത്സരത്തില്‍ മാറ്റുരക്കുന്നത്.