കരിപ്പൂര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മാര്‍ച്ച് മുതല്‍ 24 മണിക്കൂറായി മാറും. നിലവില്‍ റണ്‍വേ റീകാര്‍പ്പറ്റിംഗ് പ്രവൃത്തികള്‍ മൂലം കഴിഞ്ഞ 2015 മെയ് മുതലാണ് ഉച്ചക്കു 12 മുതല്‍ രാത്രി എട്ടു വരെ വിമാന ലാന്‍ഡിംഗ് നിര്‍ത്തി വച്ച് റണ്‍വേ അടച്ചിടുന്നത്. റണ്‍വേ പ്രവൃത്തികള്‍ ഫെബ്രുവരി അവസാനത്തോടെ പൂര്‍ത്തിയാക്കി മാര്‍ച്ച് മുതല്‍ പൂര്‍ണമായും തുറന്നു നല്‍കാനാണ് തീരുമാനം. ഇതിനു മുന്നോടിയായി ഏപ്രിലില്‍ ആരംഭിക്കുന്ന വേനല്‍ക്കാല വിമാന ഷെഡ്യൂള്‍ പകലിലേക്ക് ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
റണ്‍വേ ടാറിംഗ് പ്രവൃത്തികള്‍ ഈ മാസത്തോടെ തീരും. പിന്നീട് റണ്‍വേ ലവലിംഗ് പ്രവൃത്തികളും ലൈറ്റിംഗും പൂര്‍ത്തീകരിക്കും. റണ്‍വേ ടാറിംഗ് നടത്തിയപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ആയതിനാല്‍ റണ്‍വേയില്‍ നിന്നു ആറു മീറ്റര്‍ അകലെ വരെ മണ്ണിട്ട് നിരത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം പിന്നീട് നികത്തും. സിംഗിള്‍ ടച്ച് ഡൗണ്‍ സോണല്‍ ലൈറ്റ് അപ്രോച്ച് എന്ന അത്യാധുനിക സാങ്കേതിക സംവിധാനമാണ് കരിപ്പൂര്‍ റണ്‍വേയില്‍ സ്ഥാപിക്കുന്നത്. നേരത്തെ, കരിപ്പൂരിലെ എയര്‍ ട്രാഫിക് കണ്ട്രോള് വിഭാഗത്തില്‍ നിന്നു ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് ഡിജിസിഎക്ക് കൈമാറിയിരുന്നു. തുടര്‍ന്നാണ് പുതിയ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനു അനുമതിയായത്.
നാല് ലൈറ്റുകളാണ് ഒരു ഭാഗത്ത് സ്ഥാപിക്കുക. കരിപ്പൂരിലെ റണ്‍വേയിലെ വിമാനങ്ങളിറങ്ങുന്ന ഭാഗത്ത് എട്ടു ലൈറ്റുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. കിഴക്കും പടിഞ്ഞാറും റണ്‍വേയുടെ തുടക്കത്തില്‍ നിന്ന് 925 മീറ്റര്‍ പിന്നിടുന്ന സ്ഥലത്താണ് ഇവ സ്ഥാപിക്കുക. പുതിയ ലൈറ്റുകള്‍ വരുന്നതോടെ റണ്‍വേ എത്ര ദൂരം പിന്നിട്ടുവെന്ന് മനസിലാക്കാന്‍ വിമന പെലറ്റിനു സാധിക്കും.