Home » കലാസാഹിതി » സിനിമാക്കൊട്ടക » ലോക സിനിമകളിലേക്കു മിഴിതുറക്കാൻ കോഴിക്കോട് ഒരുങ്ങുന്നു…

ലോക സിനിമകളിലേക്കു മിഴിതുറക്കാൻ കോഴിക്കോട് ഒരുങ്ങുന്നു…

മൂന്നാമത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിനൊരുങ്ങി സ്വപ്‌നനഗരി. കോഴിക്കോട് കോര്‍പ്പറേഷന്‍, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റി ഫെഡറേഷന്‍, അശ്വിനി ഫിലിം സൊസൈറ്റി, ബാങ്ക്മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ്സ് ക്ലബ് ഫിലിം സൊസൈറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. അടുത്ത മാസം 10 മുതല്‍ 16 വരെ ടാഗോര്‍ സെന്റിനറി ഹാളിലാണ് ചലച്ചിത്രമേള നടക്കുന്നതെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 7 ദിവസങ്ങളിലായി 33 ചലച്ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണിവരെയാണ് പ്രദര്‍ശന സമയം. ഒരു ദിവസം 5 സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

ലോക സിനിമ, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മലയാളം സിനിമ, ഈ അടുത്ത കാലങ്ങളിലായി മരണപ്പെട്ട ആന്ദ്രേ വൈദ, പോള്‍ കോക്സ്, അബ്ബാസ് കിയരസ്താമി, ഓംപുരി, ടി ഏ റസാക്ക് സിനിമകളും പ്രദര്‍ശനത്തിനായി എത്തുന്നുണ്ട്. ഡെലിഗേറ്റുകളല്ലാത്തവര്‍ പൊതുജനങ്ങള്‍ക്കായി ഫെബ്രുവരി 9 മുതല്‍ 16 വരെ മാനാഞ്ചിറ സ്‌ക്വയറില്‍ അനുബന്ധ മേള സംഘടിപ്പിക്കും. എല്ലാ ദിവസവും വൈകുന്നേരം 5.30 മുതല്‍ 8മണിവരെ മലയാളം സിനിമകള്‍, മലയാളത്തില്‍ സബ് ടൈറ്റില്‍ ചെയ്ത് അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

മേളയോടനുബന്ധിച്ച് എല്ലാ ദിവസവും സെമിനാര്‍, പ്രഭാഷണം, അഭിമുഖം, ഓപ്പണ്‍ ഫോറം എന്നിവയും സംഘടിപ്പിക്കും. സിനിമാ സംബന്ധിയായ പുസ്തകങ്ങളുടെ വില്‍പനയും ഉണ്ടാകും. മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രങ്ങളെപ്പറ്റിയുളള വിവരങ്ങള്‍ ഉള്‍ക്കൊളളിച്ചു കൊണ്ട്് ഫെസ്റ്റിവല്‍ ബുക്ക്, എല്ലാ ദിവസവും ഡെയ്ലി ബുളളറ്റിന്‍ പ്രസിദ്ധീകരിക്കും. എം ടി വാസുദേവന്‍ മുഖ്യ രക്ഷാധികാരിയും കോഴിക്കോട് ജില്ലാ മന്ത്രിമാര്‍, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ കലക്ടര്‍, കോര്‍പറേഷന്‍ മേയര്‍, ഡെപ്പയൂട്ടി മേയര്‍, വിവിധ സ്റ്റാന്റിം കമ്മിറ്റി എന്നിവരെ ഉള്‍ക്കൊളളിച്ച് 75 അംഗ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ഡെലിഗേറ്റ് പാസ്സ് മുഖേനയായിരിക്കും പ്രവേശനം. ഈ മാസം 20 മുതല്‍ 24 വരെ നളന്ദഹോട്ടലില്‍ നിന്നും സംഘാടക സമിതി ഓഫീസില്‍ 300 രൂപയും ഫോട്ടോയുമായി ഡെലിഗേറ്റ് പാസ്സുകള്‍ക്ക് അപേക്ഷിക്കാം. തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ മാതൃകയിലാണ് മേള ഒരുങ്ങുന്നത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കെ കിഷന്‍ചന്ദ്, ഡപ്യൂട്ടി മേയര്‍ മീരദര്‍ശക് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply