Home » നമ്മുടെ കോഴിക്കോട് » എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

എം.വി.ആര്‍ കാന്‍സര്‍ സെന്‍റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

ചാത്തമംഗലം പഞ്ചായത്തിലെ ചൂലൂരില്‍ സ്ഥാപിച്ച എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിനു സമര്‍പ്പിച്ചു.കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ സംരംഭമായ കെയര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചത്.

കേരളത്തില്‍ ഓരോ വര്‍ഷവും 55000 പേര്‍ക്ക് പുതുതായി കാന്‍സര്‍ പിടിപെടുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത് . ഭാരിച്ച ചികിത്സാചെലവ് താങ്ങാനാവാതെ ഒട്ടനവധി കുടുംബങ്ങള്‍ ദുരിതമനുഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിദിനം 27 പേര്‍ക്ക് സൗജന്യ ഡയാലിസിസും 30 ശതമാനം രോഗികള്‍ക്ക് സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യുന്ന എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ നിലപാട് പ്രശംസിക്കപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ ബ്ലോക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് എക്‌സ്‌റ്റെന്‍ഷന്‍ കൗണ്ടര്‍ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഫാര്‍മസി ആന്‍ഡ് ലാബ് എക്‌സൈസ്-തൊഴില്‍ വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണനും റേഡിയേഷന്‍ ബ്ലോക്ക് മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്തു.

എസ്.ടി.പി പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും തിയേറ്റര്‍ ബ്ലോക്കിന്റെ ഉദ്ഘാടനം എം.കെ. രാഘവന്‍ എം.പിയും നിര്‍വഹിച്ചു. ഡബ്ല്യു.ടി.പി പദ്ധതി പി.ടി.എ റഹിം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്മാര്‍ട്ട് സ്‌കൂളിന് സി.പി. ജോണ്‍ തറക്കല്ലിട്ടു. സര്‍വീസ് ബ്ലോക്ക് ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ബീന ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടന ചടങ്ങിന് നടി മഞ്ജു വാര്യര്‍ ദീപം പകര്‍ന്നു. സെക്രട്ടറി ടി.വി. വേലായുധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.പി. മോഹനന്‍ , എം.സി. മായിന്‍ ഹാജി, ടി. സിദ്ദീഖ്, മനയത്ത് ചന്ദ്രന്‍, മുക്കം മുഹമ്മദ്, ജോണ്‍ പൂതക്കുഴി, എം. ഭാസ്‌കരന്‍, ടി.പി. ബാലകൃഷ്ണന്‍ നായര്‍, രമ്യ ഹരിദാസ്, ഷറഫുന്നീസ , എ.കെ.ടി. ചന്ദ്രന്‍, ഷീജ വലിയതൊടികയില്‍, പ്രസാദ് ആലുങ്ങല്‍ എന്നിവര്‍ സംസാരിച്ചു. ക്യാന്‍സര്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ ഡോ.നാരായണന്‍കുട്ടി വാര്യര്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി സര്‍വീസ് ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജയിംസ് നന്ദിയും പറഞ്ഞു. ഉദ്ഘാടന ചടങ്ങിന് മുമ്പായി ബാലഭാസ്‌കറും സംഘവും വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു.

Leave a Reply