ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ് മി നോട്ട് 4 നാളെ മുതല്‍ (ജനുവരി 19) ഇന്ത്യന്‍ വിപണിയില്‍ എത്തും. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരകമ്പനിയായ ഫഌപ്കാര്ട്ടിലൂടെയാണ് വില്പന.
റെഡ്മി നോട്ട് 4 ന്റെ ഏറ്റവും വലിയ പ്രത്യേകത ഇത് ലോഹനിര്മ്മിതിയാണെന്നതാണ്. നേരത്തെ ഗോള്‍ഡ്, ഗ്രെ, സില്‍വര്‍ നിറങ്ങളിലാണ് ചൈനയില്‍ റെഡ് മി 4 ഇറങ്ങിയത്. ഫിംഗര്‍ പ്രിന്റ് സ്കാനറും ഇന്‍ഫ്രാറെഡ് സെന്‍സറും ഉണ്ടാവും. ആന്‍ഡ്രോയ്ഡ് 6.0 മാര്‍ഷ്മാലോയില്‍ അടിസ്ഥാനമായ എംഐയുഐ 8ല്‍ ആകും റെഡ് മി നോട്ട് 4 പ്രവര്‍ത്തിക്കുക. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറയും 5 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയും ഉണ്ട്. 128 ജിബി എക്സപാന്ഡെബിള് മെമ്മറിയുള്ള നോട്ട് 4ന് 4100എംഎഎച്ച് ബാറ്ററി ബാക്കപ്പുണ്ട്.
അതേസമയം റെഡ് മിയുടെ ഏറ്റവും പുതിയ ഫോണിന്റെ വിലവിവരങ്ങള്‍ ഇതുവരെ കമ്പനി പുറത്തു വിട്ടിട്ടില്ല. റെഡ് മി 4 രണ്ടു വേരിയന്റുകളായി കഴിഞ്ഞ ഓഗസ്റ്റില്‍ ചൈനയില്‍ പുറത്തിറക്കിയിരുന്നു. രണ്ട് ജിബി റാമും 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറിയുമുള്ള മോഡലിന് 899 ചൈനീസ് യെന്‍ (ഏകദേശം 9000 രൂപ) ആണ് വില. മൂന്ന് ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള മോഡലിന് ഏകദേശം 12,000 രൂപയാകും. ചൈനയിലെ വില തന്നെയാകും ഇന്ത്യന്‍ വിപണിയിലുമെന്നാണ് കരുതുന്നത്.