Home » നമ്മുടെ കോഴിക്കോട് » കോഴിക്കോട് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

കോഴിക്കോട് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹത

കാമുകനൊപ്പം ഒളിച്ചോടിയ കോഴിക്കോട് സ്വദേശിനി ട്രെയിനില്‍ നിന്ന് വീണ് മരിച്ച നിലയില്‍.കാമുകനോടൊപ്പം ഒളിച്ചോടിയ ഹന്‍ഷാ ഷെറിനെയാണ് (19) തിരുപ്പൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ പെണ്‍കുട്ടിയ്ക്ക് ഒപ്പമുണ്ടായിരുന്ന കാമുകനെ കുറിച്ച്‌ വിവരം ഇല്ല. കോഴിക്കോട് ജില്ലാ ജയിലിന് സമീപത്താണ് 19 വയസ്സുള്ള പെണ്‍കുട്ടിയുടെ വീട്. കുറ്റിക്കാട്ടൂര്‍ സ്വദേശി അഭിറാം എന്ന യുവാവിനൊപ്പമാണ് പെണ്‍കുട്ടി വീട് വിട്ട് പോയത്. നേരത്തെ 3 തവണ പെണ്‍കുട്ടി ഇയാള്‍ക്കൊപ്പം പോയിരുന്നു. അപ്പോഴെല്ലാം അച്ഛന്റെ പരാതിയില്‍ പെണ്‍കുട്ടിയെ തിരികെ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഹന്‍ഷ വീണ്ടും കാമുകന് ഒപ്പം പോയത്. തമിഴ്നാട്ടിലെ കല്ലന്പലം എന്ന സ്ഥലത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടി ട്രെയിനില്‍ നിന്ന് ചാടി എന്നാണ് യുവാവ് ആശുപത്രിയില്‍ അറിയിച്ചത്. പെണ്‍കുട്ടി ചാടിയയുടന്‍ തന്നെ കൂടെയുണ്ടായിരുന്ന അഭിറാം പിന്നാലെ ചാടിയെന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്നും തിരുപ്പൂര്‍ പൊലീസ് അറിയിച്ചു. എന്നാല്‍ പിന്നീട് അഭിറാം എവിടെപ്പോയെന്ന് മനസിലാക്കാനായിട്ടില്ല. ഫോണ്‍ സ്വിച്ച്‌‍ഡ് ഓഫ് ആയതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. മൃതദേഹം കോയമ്പത്തൂര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Leave a Reply