കോഴിക്കോട്:ഷവര്‍മ നിര്‍മാണവും വിതരണവും നടത്തുന്നതിനുള്ള നിയന്ത്രണം ഇന്നലെ മുതല്‍ ജില്ലയില്‍ തുടങ്ങി. മുന്നൂറിലധികം ഷവര്‍മ നിര്‍മാണ വില്പന കേന്ദ്രങ്ങളുണ്ടായിട്ടും നിര്‍മ്മാണത്തിനും വിതരണത്തിനായുമുള്ള അനുമതിക്കായി 90 അപേക്ഷകള്‍ മാത്രമാണ് എത്തിയത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഷവര്മയുമായി ബന്ധപ്പെട്ട് പരാതികളും, ഭക്ഷ്യവിഷബാധയും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷ ഗുണനിലവാര നിയമം 2006 പ്രകാരം, ഫുഡ് സേഫ്റ്റി അസി. കമ്മിഷണറുടെ അനുമതിയില്ലാതെ നടത്തുന്ന ഷവര്‍മ നിര്‍മാണത്തിനും വില്പനയ്ക്കുമുള്ള നിരോധനം ഇന്നലെ മുതലാണ് ആരംഭിച്ചിട്ടുള്ളത്.
നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ഇന്നലെയും ഷവര്‍മ നിര്‍മാണ, വില്പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കാന്‍ ഭക്ഷ്യസുരക്ഷ വിഭാഗം തീരുമാനിച്ചു. അപേക്ഷ നല്കിയ സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ പരിശോധന നടത്തും.
എന്നാല്‍ നിരോധനം മറികടക്കുന്നതിനായി നിര്‍മാണത്തിനും വിതരണത്തിനും അനുമതിക്കായുള്ള അപേക്ഷകള്‍ ഈ മാസം 10നു മുന്‍പ് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. അനുമതി നല്കിയാലും തുടര്‍ന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ അപ്രതീക്ഷിത പരിശോധന നടത്താനും തീരുമാനമുണ്ട്. ഷവര്‍മ വില്പനയ്ക്കുള്ള നിയന്ത്രണം കര്‍ശനമാക്കിയ ശേഷം ചില സ്ഥാപനങ്ങള്‍ ചില്ല് കൂട്ടില്‍ അടച്ചു നിര്‍മാണം നടത്തുന്നുവെന്നല്ലാതെ മറ്റൊരു മാറ്റവും വരുത്തിയിട്ടില്ല. ചില്ല് കൂടുപോലുമില്ലാതെ, റോഡരികില്‍ പൊടിപിടിക്കുന്ന അവസ്ഥയില്‍ പാകം ചെയ്യുന്ന കേന്ദ്രങ്ങളും കുറവല്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദേശത്തിനു കച്ചവടക്കാരില്‍ വലിയൊരു വിഭാഗം പുല്ലുവില പോലും കൊടുക്കാത്ത സാഹചര്യത്തില്‍ ഇത്തരം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി പൂട്ടിക്കാനാണു തീരുമാനം. ഇതു സംബന്ധിച്ച പരിശോധന ഇന്നു മുതല്‍ ആരംഭിക്കും.