സിനിമാ തീയറ്ററില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ ഗാനം ആലപിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി. ഭിന്നശേഷിക്കാരായാലും ദേശീയ ഗാനത്തോട് പരമാവധി ബഹുമാനം പുലര്‍ത്തണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
ഭിന്നശേഷിക്കാര്‍ അവര്‍ക്ക് സാധ്യമായത് പോലെ ശരീരചലനം നിയന്ത്രിച്ച് ദേശീയ ഗാനത്തെ ബഹുമാനിക്കണമെന്നാണ് നിര്‍ദ്ദേശം. തീയറ്ററില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ കേള്‍വിശക്തിയില്ലാത്തവര്‍ക്ക് മനസിലാകുന്നത് പോലെ സ്ക്രീനില്‍ ചിഹ്നഭാഷയില്‍ നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. പൂര്‍ണമായും ബുദ്ധിവികാസം ഇല്ലാത്തവര്‍ എഴുന്നേല്‍ക്കേണ്ടതില്ല. എന്നാല്‍ അല്‍പ്പമെങ്കിലും ബുദ്ധിയുള്ളവരെ കാര്യം മനസിലാക്കി എഴുന്നേ് നില്ക്കാന് പരിശീലനം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
മാനസിക പ്രശ്നമുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ തീയറ്റര്‍ ഉടമകള്‍ പരമാവധി ശ്രദ്ധ പുലര്‍ത്തണമെന്നും സുപ്രീം കോടതി രജിസ്ട്രാര്‍ക്ക് കൈമാറിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ പകര്‍പ്പില്‍ പറയുന്നു. ഫെബ്രുവരി 14ന് അടുത്ത വാദം കേള്‍ക്കുമ്പോള്‍ കേന്ദ്ര നിര്‍ദ്ദേശം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തും.