ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാന വനിത വികസന കോര്‍പറേഷന്റെ പുതിയ നമ്പര്‍ 181. വിപുലമായ ഹെല്പ് ലെെന്‍ സംവിധാനമാണ് ഇതുവഴി ഒരുക്കുന്നത്. ഇനി മുതല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സഹായം തേടാന്‍ വനിതകള്‍ ഇനി ഒരുപാട് ഫോണ്‍ നമ്പര്‍ ഓര്‍ത്തുവയ്ക്കേണ്ട കാര്യമില്ല. 181ല്‍ വിളിച്ചാല്‍ മതി. പടിവാതില്ക്കല് സഹായമെത്തും. ഒറ്റപ്പെട്ടുപോകുന്നവര്‍ക്കും ആക്രമിക്കപ്പെടുന്നവര്‍ക്കും ആശ്വാസമായി സംസ്ഥാന വനിത വികസന കോര്‍പറേഷനാണ് വിപുലമായ ഹെല്പ് ലെെന്‍ സംവിധാനം ഒരുക്കുന്നത്. മാര്‍ച്ചില്‍ പദ്ധതി യാഥാര്‍ഥ്യമാകുമെന്ന് കോര്പറേഷന് മാനേജിങ് ഡയറക്ടര്‍ വി സി ബിന്ദു പറഞ്ഞു. സ്ത്രീകള്‍ക്കാവശ്യമായ സഹായങ്ങള്‍ ഒരു കുടകീഴില്‍ ഒരുക്കുകയാണ് ഉദ്ദേശം.
ജോലിസംബന്ധമായി പുറത്തുപോകുമ്പോള്‍ നഗരങ്ങളില്‍ സുരക്ഷിതമായ താമസസൌകര്യം, മക്കള്‍ പലനാടുകളിലായതിനാല് വീട്ടില്‍ ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന സ്ത്രീകളുടെ പ്രയാസങ്ങള്‍, മാനസികവിഭ്രാന്തിയില്പ്പെട്ട സ്ത്രീകള്‍ക്ക് കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥ, അപകടം സംഭവിച്ചാല്‍ ആംബുലന്‍സ്, ഫയര്‍ഫോഴ്സ്, ഡോക്ടര്‍ എന്നിവയുടെ സേവനം ലഭിക്കാനുള്ള പ്രയാസം, പലവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളെക്കുറിച്ച് തത്സമയം അറിയാതിരിക്കുന്ന സ്ഥിതി, ആവശ്യമായ സാധനങ്ങള്‍ സുരക്ഷിതത്വത്തോടെ ലഭ്യമാക്കാനുള്ള വഴികള്‍ എന്നിങ്ങനെ പൊതുകാര്യങ്ങള്‍ നിരവധി. ഇക്കാര്യങ്ങള്‍ നിര്‍വഹിക്കണമെങ്കില്‍ നിരവധി ഫോണ്‍ നമ്പരുകള്‍ ഓര്‍ത്തുവയ്ക്കേണ്ട അവസ്ഥയാണിന്ന്. മാത്രമല്ല, ഭൂരിപക്ഷംപേര്‍ക്കും പൊലീസ്, ഫയര്‍ നമ്പരുകള്‍ ഒഴിച്ചുള്ളത് അറിയില്ല. ഇതിന് പരിഹാരമായാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 181 ഹെല്പ്ലൈന്.
രണ്ടുതലത്തിലാണ് പ്രവര്‍ത്തനം. സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളെ ഫലപ്രദമായി നേരിടുകയാണ് ഒന്ന്. ആവശ്യങ്ങളറിഞ്ഞ് സഹായങ്ങളും വിവരങ്ങളും നല്‍കുകയാണ് മറ്റൊന്ന്. സ്ത്രീസുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പൊലീസ് ഹെല്പ്ലൈന് അടക്കം ഔദ്യോഗിക സംവിധാനങ്ങള്‍ ഇതിനായി ഏകോപിപ്പിക്കും. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുപുറമെ സ്വകാര്യസ്ഥാപനങ്ങളില്‍നിന്ന് ലഭിക്കുന്ന സേവനങ്ങളും 181മായി ബന്ധിപ്പിക്കും. കാസര്‍കോടുമുതല്‍ പാറശാലവരെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനായി കോള്‍ സെന്റര്‍ അടക്കമുള്ള കമ്യൂണിക്കേഷന്‍ സംവിധാനം ടെക്നോപാര്‍ക്കില്‍ തയ്യാറാകുന്നു. ലോഗോ ക്ഷണിച്ചു. അടിയന്തരഘട്ടത്തില്‍ സഹായം തേടുന്ന കോളുകളുടെ ഉറവിടം തിരിച്ചറിയാനും പിന്തുടരാനും കഴിയുന്ന സംവിധാനവും ഒരുക്കും. സിഡാക്കാണ് സാങ്കേതികസഹായം. മന്ത്രി കെ കെ ശൈലജ പ്രത്യേക താല്‍പ്പര്യമെടുത്താണ് വനിത വികസന കോര്‍പറേഷനെ പദ്ധതി ഏല്‍പ്പിച്ചത്. കേന്ദ്രാവിഷ്കൃത പദ്ധതിയായ ഹെല്പ്ലൈന് ഡല്‍ഹി കമീഷന് ഫോര്‍ വുമണിന്റെ കീഴിലാണ് ആദ്യമായി വന്നത്. ആറുമാസത്തിനകം രണ്ടുലക്ഷത്തില്പ്പരംപേര് ഹെല്പ്ലൈന് വഴി സഹായം തേടി.