Home » ന്യൂസ് & വ്യൂസ് » ജെല്ലിക്കെട്ട് ബിൽ തമിഴ്നാട് നിയമസഭ പാസാക്കി

ജെല്ലിക്കെട്ട് ബിൽ തമിഴ്നാട് നിയമസഭ പാസാക്കി

ജെല്ലിക്കെട്ട് നടത്താൻ അനുമതി നൽകുന്ന ബിൽ തമിഴ്നാട് നിയമസഭ പാസാക്കി. പ്രത്യേകം ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബിൽ അവതരിപ്പിച്ചത്. മുഖ്യമന്ത്രി ഒ.പനീർശെൽവം അവതിരിപ്പിച്ച ബിൽ ഏകകണ്ഠമായിട്ടാണ് തമിഴ്നാട് നിയമസഭ പാസാക്കിയത്. സര്‍ക്കാരിന്റെ അനുമതിയോടെ തമിഴ്‌നാട്ടില്‍ എവിടെയും ജെല്ലിക്കെട്ട് നടത്താന്‍ വ്യവസ്ഥചെയ്യുന്നതാണ് ബില്‍.

ജെല്ലിക്കെട്ടിന് ഏർപ്പെടുത്തിയ നിരോധനം നിയമം വഴി നീക്കണമെന്ന ആവശ്യമുയർത്തി തമിഴ്നാട്ടിൽ നടക്കുന്ന പ്രക്ഷോഭം അക്രമാസക്തമായതിന് പിന്നാലെയാണ് നിയമസഭയുടെ പ്രത്യേക യോഗം ചേർന്ന് ബിൽ പാസാക്കിയത്.

നിയമസഭ ബില്‍ പാസാക്കിയതോടെ ഇതു നിയമമായി മാറും. പിന്നീട്, ഗവര്‍ണറും രാഷ്ട്രപതിയും ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിനുള്ള 1960ലെ കേന്ദ്ര നിയമത്തിലെ ഭേദഗതിയാണു ബില്ലിലുണ്ടാവുക. തമിഴ്നാട്ടില്‍ മാത്രമേ ഈ ഭേദഗതിക്കു പ്രാബല്യമുണ്ടാകൂ. ബിൽ നിയമമായി മാറുന്നതോടെ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ നടക്കുന്ന പ്രക്ഷോഭം അവസാനിക്കുമെന്നാണ് പ്രതീക്ഷ.

ചെന്നൈയിലെ മറീന ബീച്ചിലുൾപ്പെടെ ജെല്ലിക്കെട്ട് സമരക്കാരെ പിരിച്ചുവിടാനുള്ള പൊലീസ് നീക്കം ഇന്ന് തമിഴ്നാട്ടിലെങ്ങും വ്യാപക സംഘർഷത്തിനു കാരണമായിരുന്നു. ചെന്നൈയിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സമരക്കാരും പൊലീസും നേർക്കുനേർ ഏറ്റുമുട്ടി. പരുക്കേറ്റ ഒട്ടേറെ സമരക്കാരും പൊലീസുകാരും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. സമരക്കാർ ചെന്നൈയിൽ പൊലീസ് സ്റ്റേഷനും ഒട്ടേറെ വാഹനങ്ങൾക്കും തീവയ്ക്കുകയും ചെയ്തു.

തമിഴ്നാടിന്‍റെ സംസ്കാരവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും മുന്നോട്ടു കൊണ്ടുപോകുന്നതിനും നാടന്‍ കാളകളുടെ ഇനങ്ങളെ സംരക്ഷിക്കുന്നതിനുമുള്ള ജെല്ലിക്കെട്ടിന്റെ പങ്കും കണക്കിലെടുത്താണു നിയമത്തില്‍ ഭേദഗതി വരുത്തുന്നത് എന്നു സംസ്ഥാന സര്‍ക്കാര്‍ നേരത്തേ പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply