Home » കലാസാഹിതി » സുധാകരേട്ടന് ഓര്‍മ്മപ്പൂക്കള്‍

സുധാകരേട്ടന് ഓര്‍മ്മപ്പൂക്കള്‍

കോഴിക്കോടന്‍ നാടകവേദിയുടെ സംഭാവനയായ ടി സുധാകരന്‍, എ ശാന്തകുമാറിന്‍റെ  ‘വൃദ്ധ വൃക്ഷങ്ങള്‍’ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് വിടവാങ്ങിയത്. സുധാകരേട്ടനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രമുഖനാടകകൃത്തും സംവിധായകനുമായ എ ശാന്തകുമാർ.

 

കോഴിക്കോടിന്‍റെ അരങ്ങുകളെ നൈസര്‍ഗികമായ അഭിനയപാടവം കൊണ്ട് ജ്വലിപ്പിച്ച നടനെ കാലം നാടകസദസ്സിലെ സഹൃദയനായ പ്രേക്ഷകനാക്കി മാറ്റിക്കൊണ്ടിരിക്കുന്ന സമയത്താണ് ഞാന്‍ സുധാകരേട്ടനുമായി അടുക്കുന്നത്. ഓരോ വേദികളിലും തോള്‍സഞ്ചിയും തൊപ്പിയും വെച്ച് അവസാനം വരെ കാഴ്ചക്കാരനായിരുന്ന് മടങ്ങുമ്പോള്‍ സുധാകരേട്ടന്‍ കണ്ടാലുടന്‍ പറയും, ‘ശാന്താ എനിക്ക് വേണ്ടി ഒരു നാടകമെഴുത്, എനിക്ക് അഭിനയിയ്ക്കണം…. ഇപ്പോള്‍ ആരും വിളിക്കാറില്ല… പ്രായമായില്ലേ, ഓര്‍മ്മയൊന്നും ഇല്ല…. കാണുമ്പോള്‍ എല്ലാം വീണ്ടും ഓര്‍മ്മിപ്പിയ്ക്കും ‘ശാന്താ’ നീ എന്നെ വെച്ചൊരു നാടകം ചെയ്യടാ…..അതിനിടയ്ക്ക് എന്‍റെ ഒരനുഭവം പറയാതെ വയ്യ…..

കോഴിക്കോടന്‍ നാടകലഹരിയുടെ ഏതോ രാവില്‍ കണ്ടുമുട്ടിയ അശോകന്‍ തൃക്കാരിയൂര്‍ എന്ന അഭിനയപ്രതിഭ ഇതുപോലൊരു മോഹം എന്നോട് മുന്‍പ് പറഞ്ഞിരുന്നു. നിന്നെപോലെയുള്ള പുതിയ നാടകക്കാരന്‍റെ സംവിധാനത്തില്‍ ഒന്നഭിനയിക്കണം. പക്ഷേ ആ ആഗ്രഹം പൂര്‍ത്തിയാക്കാതെ അദ്ദേഹം അരങ്ങൊഴിഞ്ഞു. ഈ നടുക്കത്തില്‍ നിന്നാണ് സുധാകരേട്ടന്‍റെ പ്രായം ഓര്‍ത്തുകൊണ്ടു തന്നെ ഞാന്‍ വൃദ്ധവൃക്ഷങ്ങള്‍ എഴുതുന്നത്.

2012ലെ നിലമ്പൂര്‍ ബാലന്‍  അനുസ്മരണത്തില്‍ സുധാകരേട്ടനെ വെച്ച് നാടകം ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ പലരും പറഞ്ഞു ശാന്താ ‘അഹമ്മതിയാണ്’ സുധാകരേട്ടന് പ്രഷറും ഷുഗറും ഒക്കെയുണ്ട് പിന്നെ ഓര്‍മ്മക്കുറവും. വെറുതെ വേണ്ടാത്തതിന് നില്‍ക്കണ്ട. സി എല്‍ ജോസ്, വാസുപ്രദീപ്, അബൂബക്കര്‍, കെ ടി, പ് എം താജ്, കെ ആര്‍ മോഹന്‍ദാസ്, വി കെ പ്രഭാകരന്‍ തുടങ്ങി നാടകലോകത്തെ എണ്ണം പറഞ്ഞ സംവിധായകരുടെ കഥാപാത്രങ്ങള്‍ക്ക് നിരവധി അരങ്ങുകളില്‍ ജീവനേകിയ സുധാകരേട്ടനെ വെച്ച് നാടകം ചെയ്യാനുള്ള തീരുമാനവുമായി ഞാന്‍ മുന്നോട്ടുപോയി. പ്രായത്തിന്‍റെ ആവലാതികള്‍ പോലും കണക്കിലെടുക്കാതെ ജീവിതാസ്തമയക്കാലത്ത് രക്ഷിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന പുതിയകാലത്തെ വരച്ചിടുന്ന നാടകം സുധാകരേട്ടനില്‍ ഭദ്രമാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

പ്രായം ചെന്ന വൃദ്ധദമ്പതികളില്‍ മാധവനായി സുധാകരേട്ടന്‍ അരങ്ങിലെത്തിയപ്പോള്‍ മാധവിയായി അജിതേച്ചി ഒപ്പം നിന്നു. റിഹേഴ്സലിനിടെ പല സംഭാഷണങ്ങളും സുധാകരേട്ടന്‍ മറക്കുമ്പോള്‍ എനിയ്ക്ക് ചെറിയ പേടിയുണ്ടായിരുന്നു. എന്നാല്‍ നാടകം പ്രതീക്ഷിച്ചതിനുമപ്പുറം പ്രേക്ഷകരുമായി സംവദിച്ചു. നാടകത്തിലെ എല്ലാ സംഭാഷണവും കൃത്യമായി കിട്ടിയെന്ന് ഞാന്‍ പറഞ്ഞപ്പോള്‍, എടാ എനിക്ക് അഭിനയിക്കുമ്പോഴാണ് ഓര്‍മ്മകള്‍ തിരിച്ചുകിട്ടുന്നത് എന്നായിരുന്നു സുധാകരേട്ടന്‍റെ മറുപടി. പിന്നീട് നാല്‍പതിലധികം വേദികളില്‍ വൃദ്ധവൃക്ഷങ്ങള്‍ നിറഞ്ഞാടി. മരുന്നിനും അസുഖത്തിനുമിടയിലെ അവശതയെയും ഓര്‍മ്മക്കുറവിനെയുമെല്ലാം ഒരു നടന്‍ എങ്ങനെ  ‘ടൂള്‍’ ആക്കുന്നുവെന്ന് ഞാന്‍ സുധാകരേട്ടനിലൂടെ നേരിട്ടു കണ്ടു.

പോള്‍ കല്ലാനോടിന്‍റെ ഒരു നാടകം ഞാന്‍ സംവിധാനം ചെയ്തപ്പോഴും വൃദ്ധവൃക്ഷങ്ങള്‍ എന്ന എന്‍റെ നാടകത്തിലും സുധാകരേട്ടന്‍വീഴുന്ന ഒരു രംഗമുണ്ട്. പലപ്പോഴും എന്നെ സ്തബ്ദനാക്കി കൊണ്ട് ശരിയ്ക്കും അരങ്ങില്‍ സുധാകരേട്ടന്‍ മറിഞ്ഞുവീഴും. ഞാന്‍ സുധാകരേട്ടനോടും അജിതേച്ചിയോടും പറഞ്ഞു ആ വീഴ്ച വേണ്ട അതപകടമാണ് നമുക്കൊഴിവാക്കാം. അജിതേച്ചി എന്നോട് പറഞ്ഞു അതിന് ഞാന്‍ സുധാകരേട്ടനെ ശക്തമായി തള്ളിയിടുന്നില്ല. സുധാകരേട്ടനിത് കേട്ട് ചിരിച്ചുകൊണ്ടെന്നോടു പറഞ്ഞു എടാ അത് ഞാന്‍ മനപ്പൂര്‍വ്വം വീഴുന്നതാ…. മരിക്കുന്നെങ്കില്‍ അരങ്ങില്‍ കിടന്ന് മരിക്കണം. അതാണെന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഈ വാക്ക് സുധാകരേട്ടന്‍ പിന്നീട് പലകുറി എന്നോട് പറഞ്ഞിട്ടുണ്ട്. അരങ്ങില്‍ ജ്വലിച്ച്, അരങ്ങില്‍ എരിഞ്ഞ്, അരങ്ങിലലിയണമെന്ന സുധാകരേട്ടന്‍റെ അബോധമനസ്സിലെ ഉണര്‍വ്വാണ് ഞാന്‍ കണ്ട അരങ്ങിലെ ഓരോ വീഴ്ചകളുമെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. യുണൈറ്റ‍ഡ് ഡ്രാമാ അക്കാദമിയുടെ വേദിയില്‍ കഴിഞ്ഞ നവംബര്‍ 24നാണ് അവസാനമായി സുധാകരേട്ടന്‍ ചായമിട്ടത്. ഡിസംബര്‍ 24ലെ തണുത്ത വെളുപ്പന്‍ കാലത്ത് പ്രഭാതസവാരിക്കിടെയുളള അപകടവും വീഴ്ചയും, പിന്നെ തിരിച്ചുകിട്ടാത്ത അബോധാവസ്ഥ. അതെ സുധാകരേട്ടന്‍റെ ആഗ്രഹം പോലെ നാടകമാവുന്ന ജീവിത അരങ്ങില്‍ തന്നെയാണ് ഈ അഭിനയപ്രതിഭയും അലിഞ്ഞത്.

(തയ്യാറാക്കിയത് എം എം രാഗേഷ് പാലാഴി)

Leave a Reply