വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്. നിയമം ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എതിര് പ്രചാരണങ്ങള്‍ ശരിയല്ല. കേരളത്തിലെ മന്ത്രിസഭാ തീരുമാനങ്ങളെക്കുറിച്ചു പരാമര്‍ശിച്ചിട്ടില്ലെന്നും പിണറായി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുന്നയിക്കുന്ന സിപിഐക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഇടതുസര്‍ക്കാര്‍ മുന്‍സര്‍ക്കാരിനെ പോലെയെന്നു വരുത്താന്‍ ശ്രമിക്കുന്നു. ഇത് ഇടതുപക്ഷ ജനാധിപത്യമൂല്യങ്ങളുടെ താല്പര്യത്തിലല്ല. തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുന്നവരെ തടയേണ്ടതുണ്ട്. എന്നാല്‍ ഇതിനു ചുമതലപ്പെട്ടവരും മറിച്ചു നിലപാടെടുക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിങ്ങളുടെ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത ഇടതുമുന്നണിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ചില മന്ത്രിസഭാ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷമേ പുറത്തറിയിക്കേണ്ടതുള്ളൂ എന്ന പിണറായി വിജയന്റെ മുന്‍ നിലപാടിനോടായിരുന്നു കാനത്തിന്റെ പ്രതികരണം.