Home » ന്യൂസ് & വ്യൂസ് » കൊണ്ടോട്ടി നേര്‍ച്ച തിരിച്ചുവരട്ടെ; അസഹിഷ്ണുത മടങ്ങിപ്പോകട്ടെ
കൊണ്ടോട്ടി വലിയ തങ്ങൾ അന്ത്യവിശ്രമം കൊള്ളുന്ന കുബ്ബാ. പേർഷ്യൻ മാതൄകയിലാണിതിന്റെ നിർമ്മാണം.

കൊണ്ടോട്ടി നേര്‍ച്ച തിരിച്ചുവരട്ടെ; അസഹിഷ്ണുത മടങ്ങിപ്പോകട്ടെ

കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ് കൊണ്ടോട്ടി നേര്‍ച്ച. നാലുവര്‍ഷമായി മുടങ്ങിപ്പോയ ഈ ഏറനാടന്‍ കൊയ്ത്തുത്സവം പുനരാരംഭിക്കാനുള്ള നീക്കങ്ങളുടെ പശ്ചാത്തലത്തിൽ ‘സംവാദം’ ചർച്ച ചെയ്യുന്നു: സാമൂഹിക അംഗീകാരമുള്ളവയായിട്ടും നേർച്ചകൾ പോലുള്ള മതാഘോഷങ്ങൾ തടയാൻ മതത്തിനുള്ളിൽതന്നെ നീക്കങ്ങളുണ്ടാവുന്നത് എന്തുകൊണ്ടാണ്? കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ മണ്‍മറയുന്നതെങ്ങനെയെന്ന് അന്വേഷിക്കേണ്ടത് നേര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിനോളം പ്രധാനമാണെന്ന് വാദിക്കുന്നു ഏറനാടന്‍
“ബഹുമാന്യരെ, നാലുവര്‍ഷമായി മുടങ്ങിപ്പോയ കൊണ്ടോട്ടി നേര്‍ച്ച ജനകീയമായ കൂട്ടായ്മയിലൂടെ പുനസ്ഥാപിക്കാനുള്ള ആലോചനകള്‍ തുടങ്ങിയിരിക്കുന്നു. ..” 
ചില തല്പരകക്ഷികളുടെ നെറ്റി ചുളിയാന്‍ മാത്രം പര്യാപ്തമായ ഫേസ്ബുക്കില്‍ കണ്ട ഇത്തരമൊരു അച്ചടി നോട്ടീസാണ് കൊണ്ടോട്ടി നേര്‍ച്ചയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷം.
നേര്‍ച്ച പുനസ്ഥാപന സമിതി ചെയര്‍മാനായ കൊണ്ടോട്ടി മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ നാടിക്കുട്ടിയുടെയും കണ്‍വീനറായ നഗരസഭാ കൗണ്‍സിലര്‍ ഇ എം റഷീദിന്റെയും പേരിലുള്ള കൊണ്ടോട്ടി നേര്‍ച്ച പുനരാരംഭ ചര്‍ച്ചയുടെ നോട്ടീസിലെ വാചകം ഇങ്ങനെ തുടരുന്നു…
“കൂട്ടായ്മയുടെ പൊതു ഇടങ്ങള്‍ കുറഞ്ഞുവരികയും അസഹിഷ്ണുതയുടെയും, വിഭാഗീയതയുടെയും വിചാരങ്ങള്‍ അവിടേക്ക് എത്തി നോക്കുകയും ചെയ്യുന്ന കാലത്ത് കൊണ്ടോട്ടി നേര്‍ച്ച പോലുള്ള ജനകീയ ആഘോഷങ്ങളെ തിരിച്ചുകൊണ്ടുവരേണ്ടത് നാടിന്റെ ബാധ്യതയാണ്…..”
അതെ, നേര്‍ച്ചകളും ഉത്സവങ്ങളും, ഏതെങ്കിലും ഒരു സമുദായത്തിന്റെ മതപരമായ ആഘോഷത്തിനപ്പുറം മതസൗഹാര്‍ദ്ദപരമായ പങ്കാളിത്തത്തെ ഉള്‍ക്കൊണ്ട് ജനകീയമാകുമ്പോള്‍ നാം സ്വാഗതം ചെയ്യേണ്ടിവരും. സമൂഹത്തിന്റെ നന്മയുടെ ചില വീണ്ടെടുപ്പുകള്‍ക്ക് ഇത്തരം ഉത്സവങ്ങളെ നമുക്ക് തിരിച്ചുപിടിക്കേണ്ടി വരും. അപ്പോള്‍ മാത്രമാണ് കായികാക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടിയും അനാവശ്യ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയും ഇരുവശത്തും വാളോങ്ങി നില്‍ക്കുന്ന മതതീവ്രവാദ-വര്‍ഗീയ ചിന്താഗതികള്‍ നിലം പരിശാകുന്നതും അവരുടെ കൊടിക്കൂറ  ഒറ്റപ്പെടുന്നതും.
ചരിത്രത്തില്‍ കാലം അടയാളപ്പെടുത്തിവെച്ച സഹനസമരങ്ങളെയും ഒരു ജനതയുടെ ചെറുത്തുനില്‍പ്പില്‍ രക്തസാക്ഷികളായവരെയും (ദൈവനാമത്തില്‍ മരണം വരിച്ച ഇവരെ ശുഹദാക്കള്‍ എന്നും വിളിക്കും) ഓര്‍ക്കുകയും ഓര്‍മിപ്പിക്കുകയും ചെയ്യുകയാണ്  നേര്‍ച്ചകള്‍. പക്ഷേ, മതചട്ടക്കൂടില്‍ നിന്നു പുറത്തുചാടി മതേതര ഉത്സവങ്ങളായി മാറിയ ഇത്തരം നേര്‍ച്ചകളില്‍ പലതും ഇന്നില്ല. ഏതു ചരിത്രസന്ധിയിലാണ് അവ ഓര്‍മകള്‍ പോലുമല്ലാതെ മണ്‍മറയുന്നതെന്ന് അന്വേഷിക്കേണ്ടത് നേര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതിനോളം പ്രധാനമാണ്.
മലബാറില്‍, വിശേഷിച്ചും മലപ്പുറം ജില്ലയിലും അതിര്‍ത്തി പങ്കിടുന്ന തൃശൂര്‍, പാലക്കാട് പ്രദേശങ്ങളിലുമാണ് നേര്‍ച്ചകള്‍ പൊതുവെ ആഘോഷിക്കുന്നത്. ഇന്നുള്ളതും ഇല്ലാത്തതുമായ മമ്പുറം, പുത്തന്‍പള്ളി, കൊണ്ടോട്ടി, മലപ്പുറം, പൂക്കോട്ടൂര്‍, തിരൂര്‍ ബി പി അങ്ങാടി, പട്ടാമ്പി നേര്‍ച്ചകള്‍ അതില്‍ പ്രധാനം. കൂടാതെ ബദര്‍, ഓമാനൂര്‍, പുല്ലാര ശുഹദാക്കളുടെ പേരില്‍ വലുതും ചെറുതുമായ നിരവധി നേര്‍ച്ചകള്‍.
1921-ലെ മലബാര്‍ കാര്‍ഷിക സമരവുമായി ബന്ധപ്പെട്ടതായിരുന്ന പൂക്കോട്ടൂര്‍ നേര്‍ച്ച.  മറ്റു നേര്‍ച്ചകളില്‍ നിന്നും വ്യത്യസ്തമായി പൂക്കോട്ടൂര്‍ നേര്‍ച്ചക്കുണ്ടായിരുന്ന സവിശേഷത അത് ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടി വീരമൃത്യു മരിച്ചവരുടെ സ്മരണക്കായി നടന്ന ഏക നേര്‍ച്ച എന്നതായിരുന്നു. ഈ നേര്‍ച്ച പാടേ നിലച്ചുപോയതിലും മതയാഥാസ്ഥികര്‍ക്ക് ഏറെ പങ്കുണ്ടായിരുന്നു.
തിരിച്ചുവരേണ്ട കൊണ്ടോട്ടി നേര്‍ച്ച
THAQIYAV

തങ്ങളുടെ ധ്യാനമുറിയും സന്ദർശകമുറിയും വിശ്രമസ്ഥലവുമടങ്ങുന്ന തഖിയാവ്

ഏറനാടന്‍ സാംസ്‌കാരികോത്സവമാണ് കൊണ്ടോട്ടി നേര്‍ച്ച. തലമുറകളായ് പടുത്തുയര്‍ത്തിയ കാര്‍ഷിക കൂട്ടായ്മയായ ഈ കൊയ്ത്തുത്സവത്തില്‍ ജാതിമതവേലിക്കെട്ടുകളില്ല. സൂഫികളായ ബാഗ്ദാദിലെ ശൈഖ് മുഹ് യുദ്ദീന്‍ അബ്ദുല്‍ ഖാദര്‍ ജിലാനി, ശൈഖ് മുഹ് യുദ്ദീന്‍ അജ്മീരി ചിഷ്തി എന്നിവരുടെ പേരില്‍ മുഹമ്മദ് ഷാ തങ്ങള്‍ (കൊണ്ടോട്ടി തങ്ങള്‍) നടത്തിയ ആണ്ട് നേര്‍ച്ച അഥവാ ഖത്തം ഫാത്തിഹയാണ് പിന്നീട് കൊണ്ടോട്ടി നേര്‍ച്ചയായി രൂപാന്തരപ്പെട്ടത്. പൗത്രന്‍ അബ്തിയാഅ്ഷായുടെ കാലം മുതല്‍ നേര്‍ച്ച ജനകീയമായി.
1976ല്‍ ഈ നേര്‍ച്ച സന്ദര്‍ശിച്ച സ്റ്റീഫന്‍ ഡെയ്ല്‍ കൊണ്ടോട്ടി ചടങ്ങുകളെപ്പറ്റി ഇങ്ങനെ പറയുന്നുണ്ട്:
“വൈകുന്നേരം നേര്‍ച്ച ആരംഭിച്ചു. ദര്‍ഗയില്‍ ഒരു പ്രാഥമിക ചടങ്ങാണ് ആദ്യം നടന്നത്. നന്നായി പരിശീലനം ലഭിക്കുകയും ആകര്‍ഷകമായി പരിപാടി അവതരിപ്പിക്കുകയും ചെയ്യുന്ന ആണുങ്ങളുടെയും കുട്ടികളുടെയും സംഘം അവതരിപ്പിച്ച കോല്‍ക്കളിയായിരുന്നു അത്. കളിക്കിടയില്‍ അവര്‍ ദൈവത്തെയും ശൈഖ് മുഹമ്മദ് ഷായെയും പേര്‍ഷ്യന്‍ സൂഫിയായ അബ്ദുല്‍ഖാദിര്‍ ജീലാനിയെയും സ്തുതിച്ചു പാട്ടുകള്‍ പാടി. ദര്‍ഗയില്‍ നടന്ന ആഘോഷത്തിനു ശേഷം അതേപോലെ തന്നെയുള്ള ഒരു പ്രകടനം തകിയ്യയുടെ വരാന്തയിലും നടന്നു. വലിയ തങ്ങളുടെ പവിത്രമായ സ്വത്താണ് ഈ കെട്ടിടം. പിന്നീട് നകാര എന്ന വാദ്യം മുഴങ്ങി. തുടര്‍ന്ന്  ‘തോക്കെടുക്കല്‍’ എന്ന വിചിത്രമായ ആഘോഷച്ചടങ്ങ്… ഉത്സവവേളയില്‍ വഴിപാടായി കൊണ്ടുവരുന്ന സാധനങ്ങളിലൊന്ന് തോക്കിനുള്ള എണ്ണയാണ്.”
വര്‍ഷംതോറും മുഹറത്തില്‍ മൂന്ന് ദിവസങ്ങളായാണ് കൊണ്ടോട്ടി നേര്‍ച്ച  ചടങ്ങുകള്‍ നടക്കുന്നത്. ചടങ്ങുകളുടെ തുടക്കമായി ഖുബ്ബയുടെ സമീപത്തുള്ള പാടത്ത് മൂന്ന് വലിപ്പത്തിലുള്ള പീരങ്കികള്‍ പൊട്ടിക്കും.
തട്ടാന്റെ പെട്ടി, ഷഹനായ്, നിലവിളക്ക്..
THOKKEDUKKAL

കൊണ്ടോട്ടി നേർച്ചയിലെ പ്രധാന ചടങ്ങായ തോക്കെടുക്കൽ കർമ്മം

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പെട്ടിവരവുകളാണ് നേര്‍ച്ചയിലെ പ്രധാന കാഴ്ച. പെരിന്തല്‍മണ്ണയില്‍ നിന്നുള്ള വെള്ളാട്ടറ പെട്ടിവരവിനെത്തുടര്‍ന്ന് കിഴിശ്ശേരി, അരീക്കോട്, വള്ളുവമ്പ്രം എന്നിവിടങ്ങളില്‍ നിന്ന് ഖുബ്ബയിലേയ്ക്ക് വലുതും ചെറുതുമായി ധാരാളം വരവുകളുണ്ടാകും (തങ്ങള്‍ കുടുംബത്തിനുള്ള കാണിക്കയായ ഭക്ഷ്യധാന്യങ്ങളാണ് ഇതിലുണ്ടാവുക). ‘തട്ടാന്റെ പെട്ടി’ ആണ് അവസാനത്തേത്. ഇതോടെ ഖുബ്ബയില്‍ സമാധാനചിഹ്നമായ വെള്ളക്കൊടി സമര്‍പ്പണമുണ്ടാകും. ഓരോ പെട്ടിവരവിലും നാനാ ജാതി മതസ്ഥരുടെയും പങ്കാളിത്തമുണ്ടാകും.
ഇതോടനുബന്ധിച്ച് ദര്‍ഗയിലും തകിയ്യയിലും കോല്‍ക്കളി, ശൈഖ് മുഹമ്മദ് ഷാ, പേര്‍ഷ്യന്‍ സൂഫിയായ അബ്ദുല്‍ഖാദിര്‍ ജീലാനി എന്നിവരെ സ്തുതിച്ചുള്ള പാട്ടുകള്‍ എന്നിവ അരങ്ങേറും. ചടങ്ങുകളുടെ ഭാഗമായി ഷഹനായ് വാദനവും ഉണ്ടാകും. (ഇതോടൊപ്പം നിലവിളക്ക് കൊളുത്തപ്പെടാറുണ്ടെന്നതും ശ്രദ്ധേയം.)
തഖിയാക്കലില്‍ (വലിയ തങ്ങളുടെ പവിത്രമായ സ്വത്തായ കെട്ടിടംനിന്ന് ചന്ദനമെടുക്കല്‍ കര്‍മത്തോടെ കൊണ്ടോട്ടി നേര്‍ച്ചയുടെ കൊടിയിറങ്ങും. സമാപനസമയത്ത് പീരങ്കിവെടി വയ്ക്കുകയും മുഗള്‍ പലഹാരമായ മരീദ വിതരണം ചെയ്യുകയും ചെയ്യും.
ചവിട്ടുകളിയും അറബനയും നിലനിന്നതിങ്ങനെ
ARABANA

കൊണ്ടോട്ടി നേർച്ചയിൽ മാത്രം കാണുന്ന വാദ്യകല – ചീനിമുട്ട്

നേര്‍ച്ചകള്‍ വെറും നേര്‍ച്ചകളല്ല. കാലത്തിന്റെ കുത്തൊഴുക്കില്‍ അന്യം നിന്നുപോകും എന്നുകരുതിയ കലാരൂപങ്ങള്‍ പുഷ്പിച്ചുനിന്നത് ഇത്തരം മതേതര ഉത്സവങ്ങളിലാണ്. മാത്രമല്ല, പല പരമ്പരാഗത കലാരൂപങ്ങളും മതങ്ങളുടെ വേലിക്കെട്ടിനകത്ത് നിന്ന് പുറത്ത് ചാടി ജനകീയമായതും ഇങ്ങനെയാണ്. കൊണ്ടോട്ടി നേര്‍ച്ചയുടെ പ്രധാന കലാരൂപമാണ് ചീനിമുട്ട്.  കൂടാതെ കൊണ്ടോട്ടി ഖുബ്ബ മുറ്റത്ത് അരങ്ങേറുന്ന ദളിത് വിഭാഗങ്ങളുടെ ചവിട്ടുകളിയും അറബന മുട്ട്, ദഫ്മുട്ട്, കോല്‍ക്കളി, ചെണ്ട, വിവിധ സംഗീത ധാരകള്‍ എന്നിവയും സംരക്ഷിച്ചുനിര്‍ത്തുന്നതില്‍ കൊണ്ടോട്ടി നേര്‍ച്ചക്കുള്ള പങ്ക് ഒരിക്കലും വിസ്മരിച്ചുകൂടാ. പക്ഷേ ഇത്തരം  കലാരൂപങ്ങളെ  മതവിരുദ്ധമെന്ന് മുദ്രകുത്തിയുള്ള പ്രചരണങ്ങളും നേര്‍ച്ച മുടങ്ങിയതും ചേര്‍ത്തുവായിക്കേണ്ടതാണ്.
കേരളീയ സംസ്‌കാരത്തില്‍ അലിഞ്ഞുചേര്‍ന്ന പേര്‍ഷ്യന്‍ ധാരയാണ് നേര്‍ച്ച. നേര്‍ച്ചയില്‍ മുഴങ്ങുന്ന ഷഹനായി സംഗീതവും ‘മരീദ’ മുഗള്‍ പലഹാരവും ഇതിന് തെളിവ്. ഇശല്‍ ചക്രവര്‍ത്തി മഹാകവി മോയിന്‍കുട്ടിവൈദ്യരുടെ പ്രതിഭ വളര്‍ച്ച നേടിയത് നേര്‍ച്ചയുടെ പശ്ചാത്തലത്തിലത്രേ.
ഒരു മതസൗഹാര്‍ദ ഉത്സവം എങ്ങനെയാണ് ജനതയില്‍ അലിഞ്ഞുചേരുകയെന്നതിന്റെ മികച്ച ഉദാഹരണമാണ് കൊണ്ടോട്ടി നേര്‍ച്ച. തട്ടാന്റെ പെട്ടി വരവും, ദളിത് വിഭാഗങ്ങളുടെ ചവിട്ടുകളി കലാരൂപങ്ങളും ഖുബ്ബയില്‍ വിവാദങ്ങളില്ലാതെ എരിഞ്ഞിരുന്ന നിലവിളക്കും എല്ലാം മതനിരപേക്ഷ ചിഹ്നങ്ങളായി നിലകൊണ്ടു.
നേര്‍ച്ചക്കെതിരെ അപ്രഖ്യാപിത ഫത്വ?
THANGAL-MUDRA

നേർച്ച നടത്തിപ്പുകാർ വസ്ത്രത്തിലണിയുന്ന ‘തങ്ങൾ മുദ്ര’. രേഖപ്പെടുത്തിയിരിക്കുന്നത് കൊണ്ടോട്ടിയുടെ പഴയ പേര്, കൊണ്ടുവെട്ടി

ചില സംഘടനകള്‍ നേര്‍ച്ചകളോട് സ്വീകരിക്കുന്ന നിലപാട് നേര്‍ച്ചപോലുള്ള ബഹുസ്വരതകളുടെ അടയാളങ്ങളെ പാടെ ഇല്ലാതാക്കുന്നതാണ്. നടത്തിപ്പുമായി ബന്ധപ്പെട്ട സ്ഥാനപ്പോരാണ് കൊണ്ടോട്ടി നേര്‍ച്ച മുടങ്ങാന്‍ കാരണമായി പറയുന്നതെങ്കിലും ഇതിനു പിന്നില്‍ സാമ്പത്തിക, അധികാര, രാഷ്ട്രീയ താല്‍പര്യങ്ങളാണെന്ന് വ്യക്തമാണ്. പ്രബല രാഷ്ട്രീയ നേതൃത്വവും അവരെ പിന്തുണക്കുന്ന മതവിഭാഗവും, സൂഫിസത്തോടുള്ള ചിലരുടെ എതിര്‍പ്പ്, നേര്‍ച്ചയോടും അതിലെ കലാരൂപങ്ങളോടും പൊതുവെ ചില മതയാഥാസ്ഥിക സംഘടനകള്‍ വച്ചുപുലര്‍ത്തുന്ന എതിര്‍പ്പ്,  കൊണ്ടോട്ടി ആസ്ഥാനമായുള്ള മഹല്ല് കമ്മിറ്റിക്ക് നേര്‍ച്ചയിലൂടെ കൈവരുന്ന നിയന്ത്രണം നേര്‍ച്ചയുടെ പരിധിയിലുള്ള പ്രദേശങ്ങളിലെ മഹല്ല് കമ്മിറ്റികളുടെ സംഘടനാ  നിയന്ത്രണത്തിന് ഭീഷണിയാകുമോ എന്ന ഭയം എന്നിവയൊക്കെ ഇനിയൊരിക്കലും നേര്‍ച്ച നടക്കരുത് എന്ന ആഗ്രഹത്തിന് പിന്നിലുണ്ട്. മുമ്പ് നേര്‍ച്ചക്കെതിരെ പ്രഖ്യാപിത ഫത്വയുണ്ടാക്കിയെങ്കില്‍ ഇന്നത് അപ്രഖ്യാപിതവും അദൃശ്യവുമാണ്.
നേര്‍ച്ചയോടുള്ള മറ്റൊരു സമീപനമെന്താകണമെന്നതിന്റെ ഒരുദാഹരണമാണ് പണ്ട് മലപ്പുറം നേര്‍ച്ച മുടങ്ങിയപ്പോള്‍ അന്നത്തെ സര്‍ക്കാര്‍ കൈകൊണ്ട നിലപാട്. മതവിരുദ്ധമെന്ന് പലരും മുദ്രകുത്തിയ 1957ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതുവരെ മുടങ്ങിക്കിടന്ന മലപ്പുറം നേര്‍ച്ച നടത്താനുള്ള സംരക്ഷണം നല്‍കുകയായിരുന്നു. എന്തായാലും അതിന് സമാനമാണ് ജനകീയ കൂട്ടായ്മയിലൂടെ കൊണ്ടോട്ടി നേര്‍ച്ച പുനരാരംഭിക്കാനുള്ള പുതിയ നീക്കം.
മടങ്ങിപ്പോകേണ്ട അസഹിഷ്ണുത
എല്ലാം ഉത്സവങ്ങളെയും പോലെ നേര്‍ച്ചകളും സാംസ്‌കാരിക കാഴ്ചകളാണ്. വൈവിധ്യങ്ങളും വൈരുദ്ധ്യങ്ങളും കൈമുതലായ ഒരു സാംസ്‌കാരത്തില്‍ ഇത്തരം കൂട്ടായ്മകള്‍ മാനവികതയുമായി സംവദിക്കുമ്പോഴാണ് കലകളും തനിമകളും നന്മകളും സംരക്ഷിക്കപ്പെടുക.
ഒരു മതനിരപേക്ഷ സമൂഹത്തില്‍ ഉത്സവങ്ങളെ വിലയിരുത്തേണ്ടത് അത് മാനവരാശിക്കു നല്‍കുന്ന എല്ലാവിധ സന്ദേശങ്ങളുടെയും തോത് വിലയിരുത്തിയാകണം. വിശ്വാസങ്ങളും ആചാരങ്ങളും മതനിരപേക്ഷമാക്കി പരിവര്‍ത്തിക്കപ്പെടുമ്പോഴാണ് സാമൂഹ്യജീവിതം അര്‍ത്ഥവത്താകുന്നത്.

Leave a Reply