Home » നമ്മുടെ കോഴിക്കോട് » കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം

കാലിക്കറ്റ് സര്‍വ്വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐയ്ക്ക് ഉജ്വല വിജയം. മൂന്ന് വര്‍ഷത്തിന് ശേഷമാണ് സര്‍വ്വകലാശാല യൂണിയന്‍ ഭരണം എസ്എഫ്‌ഐ നേടുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും എംഎസ്എഫ്-കെഎസ്‌യു സഖ്യമാണ് സര്‍വ്വകലാശാല യൂണിയന്‍ ഭരിച്ചത്. ഇതോടെ സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും ഭരിക്കുന്ന സംഘടനയായി എസ്എഫ്‌ഐ മാറി.സര്‍ഗവസന്തം തിരിച്ചുപിടിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍ കൂര്‍ക്കഞ്ചേരി ജെപിഇ ട്രെയിനിംഗ് കോളേജിലെ ശരത് പ്രസാദ് വിപിയാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

73 കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷത്തില്‍ ആധികാരികമായിരുന്നു ശരത്തിന്റെ വിജയം. എസ്എഫ്‌ഐ സംസ്ഥാനക്കമ്മിറ്റിയംഗമാണ് ശരത്ത്. പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്‍മെന്റ് സംസ്‌കൃത കോളേജ് വിദ്യാര്‍ത്ഥി എ എന്‍ നീരജാണ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്‌ഐ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗമാണ് നീരജ്. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് വിദ്യാര്‍ത്ഥി അജയ്‌ലാല്‍ എം, വളാഞ്ചേരി എംഇഎസ് വിദ്യാര്‍ത്ഥിനി സജിത ഇഎം എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷെറിനാണ് ജോയിന്റ് സെക്രട്ടറി. 73 വോട്ടിന്റെ വരെ ഭൂരിപക്ഷത്തിലായിരുന്നു എസ്എഫ്‌ഐയുടെ വിജയം.

എസ്എഫ്‌ഐ ഭരിച്ചിരുന്ന സര്‍വ്വകലാശാല യൂണിയന്‍ മൂന്ന് വര്‍ഷം മുന്‍പാണ് എംഎസ്എഫ്-കെഎസ്‌യു സഖ്യം പിടിച്ചെടുത്തത്. കുറച്ച് വിദ്യാര്‍ത്ഥികളുള്ള അറബിക് കോളേജുകളിലുള്‍പ്പെടെ കൗണ്‍സിലര്‍മാരെ അനുവദിച്ചാണ് എംഎസ്എഫിന്റെ ഈ വിജയമെന്ന് അന്ന് എസ്എഫ്‌ഐ ആരോപിച്ചിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം അറബിക് കോളേജുകളുള്‍പ്പെടെ ഉണ്ടെങ്കിലും വിജയം എസ്എഫ്‌ഐയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു.

Leave a Reply