റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വെല്ലുവിളിയെ അതിജീവിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ വൊഡാഫോണും ഐഡിയയും ലയിക്കുന്നു.
ലയനവുമായി ബന്ധപ്പെട്ട് ആദിത്യ ബിര്‍ള ഗ്രൂപ്പുമായി ചര്‍ച്ചകള്‍ നടന്നുവരുകയാണെന്ന് വൊഡാഫോണ്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഇരു കമ്പനികളുടേയും ലയനം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ വന്നുവെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതാദ്യമാണ്
എന്നാല്‍ എന്ന് ലയനം നടപ്പില്വരുമെന്ന കാര്യം വ്യക്തമല്ല. ലയന വാര്‍ത്ത പുറത്തുവന്നതോടെ ഐഡിയയുടെ ഓഹരി വില 29 ശതമാനം ഉയര്‍ന്നു. ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ എന്നീ നാല് കമ്പനികള്‍ തമ്മിലാണ് ഇന്ത്യന്‍ ടെലികോംരംഗത്തെ മത്സരം. ലയനം നടന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ യൂസര്‍മാരുള്ള കമ്പനിയെന്ന ഖ്യാതി എയര്‍ടെല്ലിന്(27 കോടി) നഷ്ടമാകും. 39 കോടിയാണ് വൊഡാഫോണ്‍-ഐഡിയ യൂസര്‍മാരുടെ എണ്ണം.
വിപണി വിഹിതത്തില്‍ രാജ്യത്തെ നമ്പര്‍ വണ്‍ ഖ്യാതിയെന്ന പേരും എയര്‍ടെല്ലിന് നഷ്ടമാകും. 33 ശതമാനമാണ് എയര്‍ടെല്ലിന്റെ വിപണി വിഹിതം. 23 ശതമാനം വിപണി വിഹിതമുള്ള വൊഡാഫോണും 19 ശതമാനം വിപണി വിഹിതമുള്ള ഐഡിയയും ഒന്നുചേരുന്നതോടെ ഇരുകമ്പനികളുടേയും ഒന്നിച്ചുള്ള വിപണിവിഹിതം 43 ശതമാനമായി ഉയരും.
സൗജന്യ സേവനങ്ങളുമായി ജിയോ രംഗത്തെത്തിയതോടെ മറ്റു ടെലികോം കമ്പനികളില്‍ നിന്നും യൂസര്‍മാര്‍ കൂട്ടത്തോടെ ജിയോയിലേക്ക് ചേക്കേറിയിരുന്നു. ലോഞ്ച് ചെയ്ത് മൂന്ന് മാസം പിന്നിട്ടപ്പോള്‍ 7.2 കോടി ആയിരുന്നു ജിയോ യൂസര്‍മാരുടെ എണ്ണം. ജിയോയെ ഒറ്റയ്ക്ക് എതിരിടാന്‍ കഴിയില്ലെന്ന സ്ഥിതി വന്നതോടെയാണ് വൊഡാഫോണും ഐഡിയയും ലയന ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
