Home » നമ്മുടെ കോഴിക്കോട് » അസ്‌ലമിന്റെ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നല്‍കും; അറസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാക്കളെ വിട്ടയച്ചു

അസ്‌ലമിന്റെ നഷ്ടപരിഹാരം ഒരാഴ്ചയ്ക്കകം നല്‍കും; അറസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാക്കളെ വിട്ടയച്ചു

നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്‌ലമിനുള്ള നഷ്ടപരിഹാരം ഒരാഴ്ചക്കകം നല്‍കാന്‍ ധാരണയായി. യൂത്ത് ലീഗ് പ്രതിഷേധത്തിനൊടുവില്‍ എ.ഡി.എമ്മുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനമായത്. അറസ്റ്റ് ചെയ്ത യൂത്ത് ലീഗ് നേതാക്കളെയും അസ്‌ലമിന്റെ ഉമ്മയെയും പൊലിസ് വിട്ടയക്കുകയും ചെയ്തു.

കോഴിക്കോട് ജില്ലാ കലക്ടറെ കാണാന്‍ കാമ്പ് ഓഫീസിലെത്തിയ നാദാപുരത്ത് കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകനായ അസ്‌ലമിന്റെ മാതാവ് കാളിയാറമ്പത് താഴെക്കുനി സുബൈദ(45)യെയും യൂത്ത് ലീഗ് നേതാക്കളെയുമാണ് പൊലിസ് അറസ്റ്റുചെയ്തത്. അസ്‌ലമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ടു വെസ്റ്റ്ഹില്ലിലെ കലക്ടറുടെ വസതിക്കു സമീപത്തു വച്ച് കലക്ടറെ ഉപരോധിച്ചതോടെയാണ് ഇവരെ പൊലിസ് അറസ്റ്റു ചെയ്തത്.

കലക്ടര്‍ അവധിയായതിനാല്‍ കാമ്പ് ഓഫിസില്‍ വച്ച് കലക്ടറെ കാണാന്‍ അനുമതി വാങ്ങിയ ശേഷമാണ് സുബൈദ ഇവിടെ എത്തിയത്. എന്നാല്‍ കലക്ടര്‍ കാണാന്‍ അനുമതി നിഷേധിച്ചതോടെ സുബൈദയും കൂടയെത്തിയ യൂത്ത് ലീഗ് നേതാക്കളും കലക്ടറുടെ വസതിക്കു മുന്നില്‍ പ്രതിഷേധം തുടങ്ങിയതോടെ ഇവരെ മുഴുവനും നടക്കാവ് പൊലിസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു.

പ്രതിഷേധിച്ച യൂത്ത്്‌ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം, സി.കെ സുബൈര്‍, പി.ജി മുഹമ്മദ്, ആശിഖ് ചെലവൂര്‍, വി.വി മുഹമ്മദലി, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ്, വി.കെ മുഹമ്മദ് റശീദ്, കെ.എം.എ റശീദ്, എ.കെ ശൗക്കത്ത്, എ.ഷിജിത്ത്ഖാന്‍, ജാഫര്‍ സ്വാദിഖ്, കെ. നാസര്‍, ജാഫര്‍ വി.പി, ശമീര്‍ എം.കെ, റിസായ് സി.പി, സജീര്‍ വി എന്നിവരെയാണ് പൊലിസ് അറസ്റ്റു ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചത്.അസ്്‌ലമിന്റെ മാതാവിനേയും യൂത്ത്‌ലീഗ് സംസ്ഥാന നേതാക്കളേയും അറസ്റ്റു ചെയ്തതിനെ തുടര്‍ന്ന് നടക്കാവ് പൊലീസ് സ്റ്റേഷന്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇതില്‍ പ്രതിഷേധിച്ച ഒമ്പത് പേരേയും പൊലിസ് അറസ്റ്റു ചെയ്തു. രണ്ടു മണിയോടെ സുബൈദയേയും യൂത്ത്‌ലീഗ് നേതാക്കളേയും ജാമ്യത്തില്‍ വിട്ടയച്ചു.

Leave a Reply