Home » ഇൻ ഫോക്കസ് » സിനിമ സെൻസർ ബോർഡിന്റേതു മാത്രമല്ല സംവിധായകന്‍റേതു കൂടിയാണ്; ‘മുന്നറിയിപ്പുമായി’ 52 സെക്കന്‍റ്

സിനിമ സെൻസർ ബോർഡിന്റേതു മാത്രമല്ല സംവിധായകന്‍റേതു കൂടിയാണ്; ‘മുന്നറിയിപ്പുമായി’ 52 സെക്കന്‍റ്

ദിനു കടവ്

അമ്പത്തിരണ്ട് സെക്കന്‍റ് കൊണ്ട് ഒരു സിനിമ അവസാനിക്കുമോ? അത്രയും സമയം കൊണ്ട് ഒരു പ്രേക്ഷകന്റെയും സംവിധായകന്റെയും കാഴ്ചകൾ ഒന്നാവുമോ? ചോദ്യങ്ങൾക്കിനി പ്രസക്തിയില്ല എന്ന് തെളിയിക്കുന്നതിനോടൊപ്പം സെൻസറിങ്ങിന്റെ കത്രിക പൂട്ടുകൾക്കിടയിൽ അവസാനിക്കുന്ന പുതിയ കാലത്തിന്റെ സിനിമകളുടെ ഭാവിയെ തുറന്നു കാട്ടുകയും ചെയ്യുന്നു ‘അമ്പത്തിരണ്ട് സെക്കന്‍റ്’എന്ന കൊച്ചു സിനിമ. കുറ്റിപ്പുറം പാലം, അവൾക്കൊപ്പം,തുടങ്ങിയ സിനിമകൾ മലയാളികൾക്ക് കാഴ്‌ചവെച്ച പ്രതാപ് ജോസഫിന്റെ ഏറ്റവും പുതിയ സിനിമയാണ് അമ്പത്തിരണ്ട് സെക്കന്‍റ്. ദൈർഘ്യം കൊണ്ടും പ്രമേയം കൊണ്ടും ഈ കാലഘട്ടത്തില്‍ ചർച്ച ചെയ്യപ്പെടേണ്ട സിനിമ.

‘ഈ സിനിമയുടെ കഥയും സംഭാഷണങ്ങളും തികച്ചും സാങ്കൽപ്പികം സാദൃശ്യങ്ങൾ പക്ഷെ യാദൃച്ഛികമല്ല.’ തുടക്കത്തിൽ കാട്ടുന്ന മുന്നറിയിപ്പ് തന്നെയാണ് ദേശീയ ഗാനത്തിന്‍റെ അതേ ദൈർഘ്യമുള്ള സിനിമയുടെ രാഷ്ട്രീയവും. തിയേറ്ററിനകത്തും പുറത്തും നിങ്ങൾ നിരീക്ഷണത്തിലാണ് എന്ന മുന്നറിയിപ്പോടെ തുടങ്ങുന്ന സിനിമ, ഇരുട്ട് മുറികളിൽ കാണിക്കേണ്ട ദേശീയതയിൽ തുടങ്ങി ബീഫ്‍ നിരോധനം,മദ്യപാനം ,മതം, സിഗരറ്റ്, ഗോമാംസം, സ്വവര്‍ഗലൈംഗികത, മൃഗസംരക്ഷണം തുടങ്ങിയവയെകുറിച്ചുള്ള മുന്നറിയിപ്പുകൾ ഒന്നിന് പുറകെ ഒന്നൊന്നായി വന്ന് സിനിമയിലെ ദൃശ്യങ്ങൾ മായ്ക്കുന്നു ഒരു ബീപ്പ് ശബ്ദത്തോടെ സിനിമ അവസാനിക്കുന്നു.

ഭക്ഷണം,വസ്ത്രം,കല…. ഫാസിസം മനുഷ്യായുസിന്‍റെ എല്ലാ മേഖലകളിലും അതിന്‍റെ പിടി മുറുക്കിക്കൊണ്ടിരിക്കുന്നു. നാം ഇനിയും നിശ്ശബ്ദരായിരുന്നുകൂടാ എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. സിനിമ എന്ന കലയെ അളവറ്റ് സ്നേഹിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന പ്രിയ പ്രേക്ഷകന് മുന്നിൽ മറ്റെങ്ങും തോന്നാത്തവിധം ഒരു ചോദ്യ ചിഹ്നമാണ് അമ്പത്തിരണ്ട് സെക്കൻഡ് ഉയര്‍ത്തുന്നത്.

ക്രൈം നമ്പർ 89 എന്ന സിനിമയിലൂടെ മലയാളികൾക്ക് പരിചിതനായ എസ്‌. പ്രദീപാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ആശയം സംവിധായകൻ സുദേവന്‍റേതാണ് അമ്പത്തിരണ്ട് സെക്കന്‍റിന്‍റെ തിരക്കഥയും സംവിധാനവും ക്യാമറയും നിർവഹിച്ചിരിക്കുന്നത് പ്രതാപ് ജോസഫാണ്.

Leave a Reply