Home » നമ്മുടെ കോഴിക്കോട് » 4.12 കോടി രൂപയുടെ നോട്ടുകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

4.12 കോടി രൂപയുടെ നോട്ടുകളുമായി കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

കേരളത്തിലേക്ക് കടത്തുകയായിരുന്ന 4.12 കോടി രൂപയുടെ നോട്ടുകള്‍ ബംഗളൂരുവില്‍ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കോഴിക്കോട് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തില്‍ പണം കടത്തുകയായിരുന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് അഫ്‌സല്‍, താമരശ്ശേരി സ്വദേശികളായ അബ്ദുല്‍ നാസിര്‍, ഷംസുദ്ദീന്‍ എന്നിവരെയാണ് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്തത്.

പണത്തിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ എസ്. രവി പറഞ്ഞു. പിടിച്ചെടുത്ത പണത്തിന്റെ 70 ശതമാനവും പുതിയ 2000 രൂപ നോട്ടുകളാണ്. 20 ശതമാനം നൂറുരൂപ നോട്ടും ബാക്കി 500 രൂപ നോട്ടുകളുമാണ്.

കമ്മീഷന്‍ വ്യവസ്ഥയില്‍ പണം കടത്തുന്ന ഏജന്റുമാരാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. കേരളത്തില്‍ എവിടേക്കാണ് പണമെന്ന് അറിയില്ലെന്നും വാഹനം കേരളത്തിലെത്തുമ്പോള്‍ ഫോണില്‍ അറിയിക്കാമെന്നാണ് പറഞ്ഞതെന്നും പിടിയിലായവര്‍ പൊലീസിന് മൊഴിനല്‍കി. ഒരുലക്ഷം രൂപ കേരളത്തിലെത്തിച്ചാല്‍ 1000 രൂപ നിരക്കിലാണ് കമ്മീഷന്‍.

കൃത്യമായവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു വിമാനത്താവളത്തിലേക്കുള്ള റോഡില്‍ നടത്തിയ പരിശോധനയിലാണ് 4,12,78,000 രൂപ പോലീസ് പിടിച്ചെടുത്തത്. വൈകീട്ട് പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വാഹനത്തെ പോലീസ് പിന്തുടര്‍ന്നു.

വഴിമധ്യേ ഈ വാഹനത്തില്‍നിന്ന് പച്ചക്കറി കയറ്റിയ മറ്റൊരു വാഹനത്തിലേക്ക് പണം കയറ്റുന്നതിനിടെയാണ് പിടികൂടിയത്. അറസ്റ്റിലായവര്‍ക്ക് എവിടെനിന്ന് പണം ലഭിച്ചെന്നതും ഇവര്‍ക്കുപുറമേ ഇടപാടില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Leave a Reply