കോഴിക്കോട് കട്ടിപ്പാറയില്‍ വിനോദ സഞ്ചാരത്തിനെത്തിയ ദമ്പതികള്‍ക്കുനേരെ സദാചാര പോലീസ് ചമഞ്ഞ് അക്രമം
കോഴിക്കോട് കുതിരവട്ടം സ്വദേശി റനിലിനെയും ഭാര്യ ബുഷ്റയെയുമാണ് സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിച്ചത്. റനിലിന്റെ സുഹൃത്തും മാങ്കാവ് സ്വദേശിയുമായ ഹാരിസിന്റെ ഉമസ്ഥതയില്‍ കട്ടിപ്പാറ ചെമ്ബ്രകുണ്ടയില് പൂനൂര് പുഴയോരത്തുള്ള താല്‍ക്കാലിക വീട്ടിലായിരുന്നു സംഭവം. വെള്ളിയാഴ്ച രാവിലെ കട്ടിപ്പാറയിലെത്തിയ ദമ്പതികളെ ഞായറാഴ്ച രാവിലെമുതല്‍ ഒരു സംഘം ശല്യപ്പെടുത്തുന്നുണ്ടായിരുന്നു.
വിവരം അറിഞ്ഞ് വീട്ടുടമ സ്ഥലത്തെത്തിയതോടെ പിന്മാറിയ സംഘം രാത്രി എട്ടുമണിയോടെ കൂടുതല്‍ ആളുകളുമായെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു.സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘത്തിന് കുടുംബ ഫോട്ടോകള്‍ കാണിച്ചു കൊടുത്തശേഷമാണ് ഇവരെ വിട്ടയച്ചത്. ഇരുവരും താമരശ്ശേരി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.
സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായിരുന്ന പുഴയോടു ചേര്‍ന്നുള്ള സ്ഥലം ചുറ്റുമതില്‍ കെട്ടി വേര്‍തിരിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു.